കെ മുരളീധരന്‍ ശക്തനായ പ്രതിയോഗിയെന്ന് ഒ രാജഗോപാല്‍

കുമ്മനം നേമം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ്  പ്രചരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സിറ്റിങ് എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാലിനെ വസതിയിലെത്തി കുമ്മനം കണ്ടത്

0

തിരുവനന്തപുരം: നേമത്ത് കെ മുരളീധരന്‍ ശക്തനായ പ്രതിയോഗിയെന്ന് നേമം സിറ്റിങ് എംഎല്‍എ  ഒ രാജഗോപാല്‍. സാക്ഷാല്‍ കരുണാകരന്റെ മകനാണ് കെ മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാല്‍ പറഞ്ഞു. നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിയായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.കുമ്മനം നേമം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ്  പ്രചരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സിറ്റിങ് എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാലിനെ വസതിയിലെത്തി കുമ്മനം കണ്ടത്‌. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് കെ മുരളീധരന്‍ നേമത്ത് ശക്തനായ പ്രതിയോഗിയാണെന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.

നേമത്ത് ശക്തമായ മത്സരം നടക്കും. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുമല്ലാത്തൊരു പാര്‍ട്ടി ജയിച്ച മണ്ഡലമാണ് നേമം. അത് രണ്ടു പാര്‍ട്ടിക്കും വെല്ലുവിളിയാണ്. ഇത്തവണ നേമത്ത് മത്സരിക്കില്ലെന്ന് സ്വയം തീരുമാനിച്ചതാണ്. പ്രായമായതിനാല്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചതാണ്. മത്സരത്തിനില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുമെന്നും ഒ രാജഗോപാല്‍ പ്രതികരിച്ചു.