ലതിക സുഭാഷിന്റെ മുണ്ഡനം ചെയ്ത തല കേരള രാഷ്ട്രീയത്തില്‍ എന്നും ഒരു നൊമ്പരമായിരിക്കു. ശോഭന ജോര്‍ജ്

ലതികയുടെ അവസ്ഥയും അവരുടെ മുഖവും കേരളത്തില്‍ എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പാകണമെന്നും അവര്‍ പറഞ്ഞു

0

കോട്ടയം: ലതിക സുഭാഷിന്റെ മുണ്ഡനം ചെയ്ത തല കേരള രാഷ്ട്രീയത്തില്‍ എന്നും ഒരു നൊമ്പരമായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്. ലതികയുടെ അവസ്ഥയും അവരുടെ മുഖവും കേരളത്തില്‍ എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പാകണമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം നിരാകരിച്ചതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത ലതികാ സുഭാഷിനെ സന്ദര്‍ശിക്കാന്‍ കോട്ടയത്തെ വസതിയിലെത്തിയതായിരുന്നു ശോഭന.

‘പുരുഷന്മാരേക്കാളും ത്യാഗവും കഷ്ടപ്പാടും സഹിച്ചാണ് ഒരു സ്ത്രീ പൊതുരംഗത്ത് നില്‍ക്കുന്നത്. ആരെങ്കിലും അത് ചിന്തിച്ചിട്ടുണ്ടോ, ആരെങ്കിലും അതിന് ഒരു മൂല്യം കല്പിച്ചിട്ടുണ്ടോ. കേരളത്തിലെ പൊതുരംഗത്ത് നില്‍ക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താനിത് ചെയ്തത് എന്ന് ലതിക പറഞ്ഞു. ഒരു പദവി കിട്ടണമെന്ന് കരുതിയല്ല സ്ത്രീ പൊതുരംഗത്തേക്കിറങ്ങുന്നത്. വീട്ടിലെ കാര്യങ്ങള്‍ നോക്കി, മറ്റു കാര്യങ്ങള്‍ ക്രമീകരിച്ചാണ് എന്തെല്ലാം പ്രതികൂലഘടകങ്ങളെ തരണം ചെയ്തിട്ടാണ് ഇത്ര വര്‍ഷക്കാലം ഒരു സ്ത്രീ ഇവിടെ നില്‍ക്കുന്നത്. നമ്മളോട് താല്പര്യമില്ലെങ്കില്‍ നമ്മളെ ഒഴിവാക്കാന്‍ ഒരുപാട് കാര്യങ്ങള്‍ അവര്‍ കാണും. അക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഒരു സ്ത്രീയെ സംബന്ധിച്ച് തലമുടി മൊട്ടയടിക്കുക എന്ന് പറയുന്നത് കടുംതീരുമാനമാണ്. ലതികയെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സ് മാറ്റാന്‍ ഇനി ആര്‍ക്കും പറ്റില്ല.’

എംഎല്‍എ ആയിരിക്കേ അറസ്റ്റ് വരിക്കേണ്ടി വന്നപ്പോള്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തെ കുറിച്ചും ആത്മഹത്യാശ്രമം നടത്തിയതിനെ കുറിച്ചും ശോഭന മനസ്സു തുറന്നു.’ ലതിക തല മുണ്ഡനം ചെയ്‌തെങ്കില്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ഒരു ചെറിയ നിമിഷം തെറ്റിയിരുന്നെങ്കില്‍ ഞാന്‍ മരിച്ചുപോകുമായിരുന്നു. കേരള മുഖ്യമന്ത്രി ഭരിക്കുന്ന ഒരു നാട്ടിലാണ് ഇല്ലാത്ത ഒരു കുറ്റം പറഞ്ഞ് അന്നത്തെ ഏറ്റവും സീനിയറായ വനിതാ എംഎല്‍എയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്. ഞാന്‍ എട്ടുഗുളിക കഴിക്കുകയും എട്ടെണ്ണം കൈയില്‍ കരുതുകയും ചെയ്തിരുന്നു. കൈയിലുണ്ടായ ബാക്കി എട്ടെണ്ണം കഴിക്കാന്‍ സമയം കിട്ടിയില്ല. ഞാനിതൊന്നും ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. അന്ന് പത്രങ്ങളില്‍ വന്നു ശോഭനാ ജോര്‍ജ് മയങ്ങിവീണു ബോധംകെട്ടു എന്നൊക്കെ’ അവര്‍ കൂട്ടിച്ചേര്‍ത്തു.
. ‘പുരുഷന്റെ ജോലിക്ക് മാത്രമേ ഉളളൂ കൂലി, അതിന് മാത്രമേ ഉളളൂ വില? സ്ത്രീയുടെ സങ്കടത്തിന്, പ്രതിജ്ഞാബദ്ധതയ്ക്ക് മൂല്യമില്ലേ? ഞങ്ങള്‍ ഒരു തൊഴിലുമില്ലാതെ ഇറങ്ങിവന്നവരാണോ, അതോ ഞങ്ങള്‍ വീടുകളില്‍ ഇരിക്കട്ടേ എന്നാണോ തീരുമാനം. പൊതുവേദിയില്‍ സ്ത്രീകള്‍ വേണ്ട എന്നാണ് തീരുമാനമെങ്കില്‍ അത് തീരുമാനിക്കൂ. ഞങ്ങള്‍ക്ക് ഞങ്ങളുടെ മാര്‍ഗമറിയാം. 10 വര്‍ഷത്തോളം രമേശ് ചെന്നിത്തലയെന്ന് പറയുന്ന മനുഷ്യന്റെ പിറകേ കെപിസിസി എക്‌സ്‌ക്യൂട്ടീവ് അംഗമാക്കണമെന്ന്‌ പറഞ്ഞ് ഞാന്‍ നടന്നതാണ്. സ്ഥാനമാനമല്ല ഇതിനെ അംഗീകാരമായാണ് കാണുന്നത്. പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് ഒരാള്‍ക്ക് അംഗീകാരമല്ലാതെ മറ്റെന്താണ് കിട്ടുന്നത്.’ ശോഭന രോഷത്തോടെ ചോദിച്ചു.

ലതികയെ സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയമില്ലെന്നും 30 വര്‍ഷത്തെ അടുത്തബന്ധമാണ് ലതികമായുളളതെന്നും വിഷമഘട്ടത്തിലുളള തന്റെ സഹോദരിയെ കാണാനായി എത്തിയതാണെന്നും ശോഭന പറഞ്ഞു.