സ്പീക്കറെ മാറ്റണം പ്രമേയം തള്ളി , പരിപക്ഷം സഭവിട്ടു

പ്രമേയം തളളിയതിനെ തുടര്‍ന്ന് വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ പ്രതിപക്ഷം പതിവ്പോലെ സഭ വിട്ടു. സ്പീക്കറുടെ സ്ഥാനത്ത് നിന്ന് പി.ശ്രീരാമകൃഷ്ണന്‍ മാറിനില്‍ക്കുമെന്ന് പറയുമെന്നാണ് തങ്ങള്‍ കരുതിയതെന്നും അത് പറയാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

0

തിരുവനന്തപുരം: തിരുവനന്തപുരം ഡോളര്‍ കടത്ത്കേസിൽ ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം തളളി. മുന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചകൊടുവിലാണ് പ്രമേയം തള്ളിയത് . പ്രമേയം തളളിയതിനെ തുടര്‍ന്ന് വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ പ്രതിപക്ഷം പതിവ്പോലെ സഭ വിട്ടു. സ്പീക്കറുടെ സ്ഥാനത്ത് നിന്ന് പി.ശ്രീരാമകൃഷ്ണന്‍ മാറിനില്‍ക്കുമെന്ന് പറയുമെന്നാണ് തങ്ങള്‍ കരുതിയതെന്നും അത് പറയാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 17വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം ചര്‍ച്ചയ്ക്ക് വരുന്നത്. രണ്ടുമണിക്കൂറായിരുന്നു പ്രമേയത്തിന്മേലുളള ചര്‍ച്ചക്കായി അനുവദിച്ചത്. എന്നാല്‍ ചര്‍ച്ച മൂന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്കുളള ബന്ധം സംശയകരമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷം പറഞ്ഞു. സഭയുടെ അന്തസ്സും മാന്യതയും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനായ സ്പീക്കര്‍ തന്നെ അത് ലംഘിച്ചിരിക്കുന്നു. ഇത് സഭയോടുളള അനാദരവാണ്. സഭയുടെ അന്തസ്സും ഔന്നിത്യവും കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സ്പീക്കറെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ ഭരണപക്ഷത്ത് നിന്ന് സംസാരിച്ചവര്‍ ഇത്തരമൊരു പ്രമേയം അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സികള്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതിന് പ്രതിപക്ഷവും കൂട്ടുനില്ക്കുകയാണെന്ന് ഭരണപക്ഷം ആരോപിച്ചു. സ്പീക്കര്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.

തന്നെ തെറ്റുകാരനായി ചിത്രീകരിക്കാന്‍ സാധിക്കില്ലെന്നും ഒരുകാലത്തും തന്റെ തല കുനിയില്ലെന്നും സ്പീക്കര്‍ സഭയിലും ആവര്‍ത്തിച്ചു. ആരോപണങ്ങള്‍ തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രമേയം ചര്‍ച്ച ചെയ്തതില്‍ സന്തോഷമുണ്ട്. തനിക്ക് മറുപടി പറയാന്‍ സാധിച്ചു അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നുപറഞ്ഞുകൊണ്ടായിരുന്നു സ്പീക്കര്‍ മറുപടി നല്‍കിയത്. പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
സ്പീക്കർക്കെതിരായ പ്രമേയം രാഷ്ട്രീയ പ്രേരിതമാണെന്ന് എസ് ശർമ്മ എംഎല്‍എ പറഞ്ഞു. സ്പീക്കർ പദവിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടില്ലെന്നും ശർമ കൂട്ടിച്ചേർത്തു.

സ്പീക്കർക്കെതിരായ പരാമർശം ഭരണഘടനാ വിരുദ്ധമെന്നായിരുന്നു മന്ത്രി ജി സുധാകരന്‍റെ പ്രതികരണം. കട ഉദ്ഘാടനം ചെയ്യുന്നത് തെറ്റല്ല. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് സ്പീക്കർക്കെതിരെ പ്രമേയം അവതരിപ്പിച്ചതെന്നും ജി സുധാകരൻ ചോദിച്ചു.

പ്രതിപക്ഷത്തിന് വിശ്വാസം സ്വപ്നയേയും, അവിശ്വാസം സ്പീക്കറോടും ആണെന്ന് മുല്ലക്കര രത്നാകരൻ. സഭക്ക് വേണ്ടി ചെയ്യുന്നത് സ്പീക്കർ തറവാട്ടിൽ കൊണ്ടുപോകുന്നതല്ല. സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ എങ്ങനെ ധൂർത്തായി മാറുമെന്നും മുല്ലക്കര രത്നാകരൻ ചോദിച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ ആണ് പ്രമേയ അവതരണത്തിന് അനുമതി നല്‍കിയത്. ബിജെപി എംഎൽഎ ഒ. രാജഗോപാൽ പ്രമേയ അവതരണത്തെ പിന്തുണച്ചു. ദേശ വിരുദ്ധ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ കഴിയണമെന്ന് പ്രമേയത്തെ അനുകൂലിച്ച് കൊണ്ട് ഒ രാജഗോപാൽ പറഞ്ഞു. സ്പീക്കർ എല്ലാവർക്കും മാതൃകയാകേണ്ട ആളാണെന്നും ഒ. രാജഗോപാൽ കൂട്ടിച്ചേർത്തു. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ചർച്ചയ്ക്കെടുക്കുന്നത്.

-

You might also like

-