നിപ വൈറസ് സ്ഥിരീകരിച്ചു: 50 പേര്‍ നിരീക്ഷണത്തില്‍

ടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലാണ് നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.

0

കൊച്ചി: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലാണ് നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ സാംപിളുകള്‍ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധയനയ്ക്ക് അയച്ചതോടെ സംസ്ഥാനത്ത് ഭീതിയിലാഴ്ത്തി വീണ്ടും നിപ വൈറസ് സാന്നിധ്യം തെളിഞ്ഞത്.

ആലപ്പുഴയില്‍ വൈറോളജി ലാബില്‍ ആദ്യപരിശോധനയില്‍ രോഗിയില്‍ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് യുദ്ധകാലടിസ്ഥാനത്തില്‍ നിപ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 21-കാരനുമായി അടുത്ത് ഇടപഴകിയ അന്‍പതോളം പേരെ കണ്ടെത്തി. ഇവരെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരീക്ഷിച്ചു വരികയാണ്. വിദ്യാര്‍ത്ഥി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സഞ്ചരിച്ച സ്ഥലങ്ങളിലും അടുത്ത് ഇടപഴകിയ ആളുകളേയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതോടെ കോണ്‍ടാക്ട് ലിസ്റ്റില്‍ കൂടുതല്‍ പേര്‍ വന്നേക്കും

തൊടുപുഴയിലെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി സെമസ്റ്റര്‍ എക്സാം കഴിഞ്ഞ് കോളേജ് അടച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. പിന്നീട് തൃശ്ശൂരില്‍ ഒരു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഈ പരിശീലന പരിപാടിക്കിടെ പനി വന്നതിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി.ആദ്യം ഒരു ആരോഗ്യകേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പനിക്ക് ചികിത്സ തേടി. പനി കുറയാതെ വന്നതോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിക്ക് പനി കുറയാതെ വന്നതോടെ വിദഗ്ദ ചികിത്സകള്‍ക്ക് വിധേയനാക്കി. ഇതിനിടയിലാണ് നിപ ബാധ സംബന്ധിച്ച് സംശയം ഉണരുന്നത്. ഇപ്പോള്‍ അത് സ്ഥിരീകരിക്കപ്പെടുന്നതും.

ആലപ്പുഴയിലെ വൈറോളജി ലാബില്‍ നിന്നുമുള്ള രക്ത പരിശോധനാ ഫലം വന്നതോടെ വിദ്യാര്‍ത്ഥിയുമായി കഴിഞ്ഞ രണ്ടാഴ്ച സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും കണ്ടെത്തി കോണ്ടാകട് ലിസ്റ്റ് ഉണ്ടാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ അന്‍പതോളം പേരെ കണ്ടെത്തി കഴിഞ്ഞു. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പരിചരിച്ച മാതാവും മാതൃസഹോദരിയും സ്വന്തം സഹോദരിയും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്.

കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആര്‍ക്കും തന്നെ ഇതുവരെ പനിയോ ചുമയോ പോലുള്ള രോഗ ലക്ഷണങ്ങളൊന്നും ഉള്ളതായി വിവരമില്ലെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. താത്കാലം മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങള്‍ കാണുന്ന പക്ഷം അറിയിക്കണമെന്നും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ത്ഥി പഠിച്ച തൊടുപുഴയിലെ കോളേജും പരിസരവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. നിപ വൈറസ് വിദ്യാര്‍ത്ഥിയില്‍ എത്തിയത് തൊടുപുഴ വച്ചാവാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ്. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ 21-കാരന്‍ ഹോസ്റ്റലിന് പകരം കൂട്ടുകാര്‍ക്കൊപ്പം പുറത്തൊരു വീടെടുത്താണ് താമസിച്ചത്.

യുവാവിനൊപ്പം താമസിച്ച വിദ്യാര്‍ത്ഥികളെ പരിശോധിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ക്ക് നിപയുടെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥി അവസാനം തൊടുപുഴയിൽ താമസിച്ചത് മെയ് 16നാണെന്നും ഒന്നരമാസമായി ഈ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ സ്ഥിരതാമസമല്ലെന്നും പരീക്ഷാ സമയത്ത് മാത്രമാണ് അധികൃതര്‍ പറയുന്നു. തൊടുപുഴയിലെ കോളേജിലും വിദ്യാര്‍ത്ഥി താമസിച്ച വാടക വീട്ടിലും ആരോഗ്യവകുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

അതേസമയം തൃശ്ശൂരില്‍ വച്ചല്ല യുവാവിന് വൈറസ് ബാധയുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്ലെന്ന് തൃശ്ശൂര്‍ ഡിഎംഒ അറിയിച്ചു. ഒരു തൊഴില്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് വിദ്യാര്‍ത്ഥി സഹപാഠികള്‍ക്കൊപ്പം തൃശ്ശൂരിലെത്തിയത്. ഇവിടെയെത്തുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥിക്ക് പനിയും മറ്റു രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. നാല് ദിവസം തൃശ്ശൂരില്‍ നിന്ന വിദ്യാര്‍ത്ഥി പിന്നീട് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി പോകുകയും ചെയ്തു. വിദ്യാര്‍ത്ഥി താമസിച്ച സ്ഥലവും ഇയാള്‍ക്കൊപ്പം നിന്നവരേയും കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂരില്‍ വിദ്യാര്‍ത്ഥിയുമായ ഇടപെട്ട ആര്‍ക്കും പനിയോ മറ്റു രോഗലക്ഷണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ ഐസിയുവിലെ ഐസലേഷന്‍ വാര്‍ഡിലാണ് യുവാവ് ഉള്ളത്. കടുത്ത പനിയും തലവേദനയുമായാണ് യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍ എത്തിയത്. പിന്നീട് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടതോടെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി.

ഈ ഘട്ടത്തിലാണ് നിപ ബാധയെക്കുറിച്ചുള്ള സംശയം ഉണ്ടാവുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ എറണാകുളം ഡിഎംഒയെ വിവരം. അറിയിച്ചു. പിന്നീട് രക്തസാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഈ രണ്ട് ഫലവും പോസീറ്റിവ് ആയി. എങ്കിലും പ്രോട്ടോകോള്‍ അനുസരിച്ച് പൂണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലവും കൂടി വരാന്‍ കാത്തിരിക്കുകയായിരുന്നു. നിലവില്‍ യുവാവിന് തലവേദനയും പനിയും ഉണ്ടെങ്കിലും ഗുരുതരാവസ്ഥയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വിശദീകരിച്ചു.

നില്‍ക്കുമ്പോള്‍ ബാലന്‍സ് കിട്ടാത്തതിനാല്‍ നേരെ നില്‍ക്കാന്‍ സാധിക്കുന്നില്ല എന്ന ബുദ്ധിമുട്ടുണ്ട്. എങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. അ‍ഞ്ച് ദിവസം മുന്‍പാണ് യുവാവ് ചികിത്സ തേടി ഇവിടെയെത്തിയത്. യുവാവിനൊപ്പം എത്തിയ അമ്മയേയും അമ്മയുടെ അനിയത്തിയേയും മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെ പ്രത്യേക നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണ്.

ആരോഗ്യവകുപ്പ് സര്‍വസജ്ജം…

കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ ബാധയെ നേരിട്ട് മുന്‍പരിചയമുള്ള ആരോഗ്യവകുപ്പ് അതേ സംവിധനാങ്ങളോടെയാണ് രണ്ടാം വരവിനും നിപയെ നേരിടാന്‍ ഒരുങ്ങുന്നത്. നിപ ബാധ റിപ്പോര്‍ട്ട് ചെയ്താല്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. പ്രതിരോധ-ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കൊച്ചിയില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. നിപ ബാധിതര്‍ക്ക് നല്‍കാനായി എതാണ്ട് 4000 ത്തോളം ഗുളികകള്‍ കേരളത്തില്‍ സ്റ്റോക്കുണ്ടെന്നാണ് വിവരം. ആസ്ട്രേലിയയില്‍ നിന്നും കഴിഞ്ഞ വര്‍ഷം കേരളത്തില്‍ എത്തിച്ച മരുന്നും സ്റ്റോക്കുണ്ട്. നിപ ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് ഈ മരുന്ന് കൊച്ചിയിലെ രോഗിക്ക് നല്‍കിയേക്കും.

2018-ല്‍ കേരളത്തില്‍ നിപ ബാധ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇങ്ങനെയൊരു രോഗത്തെക്കുറിച്ച് കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് പോലും വലിയ ധാരണയില്ലായിരുന്നു. എന്നാല്‍ നിപയുടെ രണ്ടാം വരവില്‍ മരണരോഗത്തെ നേരിടാന്‍ പൂര്‍ണസജ്ജമാണ് സംസ്ഥാനം. കഴി‍ഞ്ഞ തവണ നിപ ബാധയുടെ അവസാനഘട്ടത്തില്‍ രോഗം വന്ന രണ്ട് പേരെ മരണത്തില്‍ നിന്നും മടക്കി കൊണ്ടു വരാന്‍ സാധിച്ചതും നിപയുമായുള്ള രണ്ടാം പോരാട്ടത്തിനറങ്ങുമ്പോള്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകുന്നു.

You might also like

-