മലയാള സിനിമയില്‍ ഗൂഢസംഘമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: നീരജ് മാധവ്

സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന ഫേസ് ബുക്ക് പോസ്റ്റ് സംബന്ധിച്ച് നടന്‍ നീരജ് മാധവ് താരസംഘടനയായ അമ്മക്ക് വിശദീകരണം നൽകി. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് നീരജ് വിശദീകരണത്തില്‍ വ്യക്തമാക്കി.

0

സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന ഫേസ് ബുക്ക് പോസ്റ്റ് സംബന്ധിച്ച് നടന്‍ നീരജ് മാധവ് താരസംഘടനയായ അമ്മക്ക് വിശദീകരണം നൽകി. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് നീരജ് വിശദീകരണത്തില്‍ വ്യക്തമാക്കി. വിശദീകരണം അമ്മ ഫെഫ്കക്ക് കൈമാറി. മലയാള സിനിമക്കകത്ത് മാഫിയകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു.

നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ വിവേചനത്തിനും സ്വജനപക്ഷപാതത്തിനും എതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മലയാളത്തിലും ചില അലിഖിത നിയമങ്ങളുണ്ടെന്നാണ് നീരജ് മാധവ് പറഞ്ഞത്. മലയാള സിനിമയില്‍ സീനിയർ നടന്മാർക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക്ക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു വേർതിരിവെന്നും പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നതായും നീരജ് മാധവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നീരജിന്‍റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു..

“സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട് ”, ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്, “അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, 6 വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത്‌ ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്.

പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനിൽക്കുന്ന ഒരു ഹൈറാര്‍ക്കി സമ്പ്രദായമുണ്ട്. സീനിയർ നടന്മാർക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേർതിരിവ്. ചായ പേപ്പർ ഗ്ലാസിൽ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്നം. കാലിന്മേൽ കാല് കേറ്റി വച്ചിരുന്നാൽ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാൽ അഹങ്കാരം, സ്‌ക്രിപ്റ്റിൽ അഭിപ്രായം പറഞ്ഞാൽ ഇടപെടൽ. നമ്മൾ കാഷ്വല്‍ ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടും. എക്സ്ട്രീമ്‍ലി ജഡ്ജ്മെന്‍റല്‍ ആയിട്ടുള്ള ഒരു പറ്റം കൂട്ടർ.

വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിൻ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങൾ അളക്കലാണ്, എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടിൽ പോവുക. എന്നാൽ നിങ്ങളെ അടുത്ത പടത്തിൽ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയിൽ അൽപം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല ‘സിനിമക്കാരുടെയും’ ഗുഡ് ബുക്ക്സില്‍ ഞാൻ കേറിപറ്റിയിട്ടില്ല. അല്‍പ്പം ഡിമാന്‍ഡിങ് ആയതിന്‍റെ പേരിൽ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാൻ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്നവുമാണ് എന്നിരിക്കെ, സിനിമയിൽ മുന്നേറാൻ നമ്മൾക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാൻ ചെറിയ വേഷങ്ങളിൽ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു ഷോ ബിസിനസ് കൂടിയാണ്, അപ്പോൾ കൂടുതൽ ശമ്പളം മേടിക്കുന്നവർ ആണ് താരങ്ങൾ. നായികയുടെ ഹെയര്‍ ഡ്രസറിന്‍റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു വലിയ അധ്വാനമുണ്ട്. എന്നാൽ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാൽ സിനിമയിൽ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിർണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാൻ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കിൽ പിന്നെ സേഫ് ആണ്.

ആദ്യകാലത്തെ കോമഡി വേഷങ്ങളിൽ നിന്ന് ചുവട് മാറ്റാൻ ശ്രമിച്ചപ്പോൾ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. സാറ്റലൈറ്റ് വാല്യു മുതൽ സിനിമയ്ക്കു നല്ല തീയറ്ററുകൾ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങൾ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത്‌ പടം തീയറ്ററിൽ എത്തിച്ചാൽ നിങ്ങളിൽ എത്ര പേര് ആദ്യവാരം പോയിക്കാണും ? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം എബവ് ആവറേജ് ആയാലും പോരാ, എക്സപ്ഷണല്‍ ആണേൽ ഞങ്ങൾ വിജയിപ്പിക്കാം. അല്ലേൽ വിമർശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകൾ പോലും ഇക്കൂട്ടർ വിജയിപ്പിക്കുന്നില്ലേ ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തിൽ എന്താണ് ഇത്ര കാർക്കശ്യം ? ആരോട് പറയാൻ…

ഇത്രയൊക്കെ എഴുതാൻ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച സുശാന്ത് സിങ് രാജ്പുത് എന്ന നടന്‍റെ മരണത്തോടനുബന്ധിച്ചു കങ്കണ റണൗത് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. ബോളിവുഡിൽ ഗോഡ്ഫാദർ ഇല്ലാത്ത സുശാന്തിന്‍റെ ഇന്‍ഡസ്ട്രിയിലെ ചെറുത്ത്‌ നിൽപ്പിന്‍റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇൻഡസ്ട്രയിൽ പിടിച്ചു നിൽക്കാൻ പാടാണെങ്കിൽ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും. ഫാമിലി മാനു വേണ്ടി (അതിവിടെ ആരൊക്കെ കണ്ടു എന്നുള്ളത് വേറൊരു ചോദ്യം) മുംബൈയിൽ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകൻ നിതെഷ്‌ തിവാരി ചിച്ചോരെയിൽ അഭിനയിക്കാൻ വിളിക്കുന്നത്, സ്ക്രീൻ ടെസ്റ്റും മെയ്ക്ക് അപ്പ് ചർച്ചയും എല്ലാം കഴിഞ്ഞു ജോയിന്‍ ചെയ്യാൻ ഇരിക്കെയാണ് ഡെയ്റ്റ് ക്ലാഷ് മൂലം അത് കൈവിട്ടു പോയത്, അതിൽ നല്ല വിഷമമുണ്ടായിരുന്നു. അന്നാ സിനിമയിൽ അഭിനയിച്ചിരുന്നേൽ ഒരു പക്ഷെ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചേനെ, സിനിമയിൽ ഗോഡ് ഫാദര്‍ ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്നവും ഒരുപാട് റിലേറ്റ് ചെയ്യാൻ സാധിച്ചേനെ. ഒരു പക്ഷെ ഞങ്ങൾ സുഹൃത്തുക്കൾ ആയേനെ..

ഇനിയും നീട്ടി വലിക്കുന്നില്ല, എന്നെങ്കിലും പറയണമെന്ന് വിചാരിച്ച ചില കാര്യങ്ങൾ ആണ്, ഇപ്പോൾ പങ്ക് വെക്കണമെന്ന് തോന്നി. സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവർ നേരിടാൻ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാൻ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാൽ, in a fair race everyone deserves an equal start. സംവരണം വേണ്ട, തുല്യ അവസരങ്ങൾ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്നവും ഉള്ളവർ നിലനിൽക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവർക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പൊവനുണ്ടു, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

You might also like

-