ഉത്തരേന്ത്യയിൽ പ്രളയത്തിൽ കുടുങ്ങി മഞ്ജു വാര്യരും സംഘവും

സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഛത്രുവിൽ എത്തിയതായിരുന്നു മഞ്ജുവും സംഘവും.

0

ഉത്തരേന്ത്യയിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഛത്രുവിൽ എത്തിയതായിരുന്നു മഞ്ജുവും സംഘവും. ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം മഞ്ജു ഉൾപ്പെടെയുള്ളവർ ഛത്രുവിൽ കുടുങ്ങുകയായിരുന്നു.

മൂന്നാഴ്ചയായി മഞ്ജുവും സംഘവും ഛത്രുവിൽ എത്തിയിട്ട്. പ്രളയത്തിൽ അകപ്പെട്ടതായി സഹോദരൻ മധു വാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ മഞ്ജു അറിയിക്കുകയായിരുന്നു. സഹായം അഭ്യർത്ഥിച്ചാണ് ഫോൺ വിളിച്ചത്. ആവശ്യത്തിനുള്ള ഭക്ഷണം മാത്രമാണ് സംഘത്തിന്റെ കൈവശമുള്ളതെന്നാണ് വിവരം. ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളിൽ തൽക്കാലിക റോഡ് നിർമിച്ചാണ് ആളുകളെ പുറത്ത് എത്തിക്കാൻ ശ്രമിക്കുന്നത്.

ഉത്തരേന്ത്യയിൽ പ്രളയക്കെടുതിയിൽ മരണം 80 കടന്നു. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ സാരമായി ബാധിച്ചു. ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചത്. യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന, ഡൽഹി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്.