മാസപ്പടി കേസ് , പിണറായി വിജയനെ വേട്ടയാടാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് എം.വി. ജയരാജൻ
പിണറായിക്കെതിരെ അന്വേഷണം നടത്തുവാൻ ഇഡിക്ക് എഫ്.ഐ.ആർ ആവശ്യമായതുകൊണ്ട്, സംസ്ഥാന ഏജൻസിയെ കൊണ്ട് തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്ന 'ഇന്ത്യാ' മുന്നണിയുടെ പ്രചാരണത്തിന്റെ മുനയൊടിക്കാൻ ബിജെപിക്ക് ലഭിക്കുന്ന വലിയ അവസരമാണിത്
തിരുവനന്തപുരം | മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. പിണറായിക്കെതിരെയുള്ള ഇഡി നടപടിയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.എം.ആർ.എല്ലിൽ നിന്ന് പണം വാങ്ങിയ രമേശ് ചെന്നിത്തലയെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും ചോദ്യം ചെയ്യാൻ ഇഡി തയ്യാറാകുന്നില്ലെന്നും ജയരാജൻ വിമർശിച്ചു.
പിണറായി വിജയനെതിരായ ഇഡി നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇതിനു പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണുള്ളതെന്നും, പിണറായിക്കെതിരെ യുഡിഎഫ് സർക്കാർ കേസെടുത്താൽ അത് ബിജെപി-കോൺഗ്രസ് ഡീലാണെന്ന് കരുതേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ തീരുമാനം കൂടി അറിഞ്ഞുകൊണ്ട് തുടർനടപടികളിലേക്ക് കടക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു വരുന്ന ഈ കേസിൽ പുതിയ വഴിതിരിവാണ് ഉണ്ടായിരിക്കുന്നത്. അഴിമതി കേസിൽ പിണറായിക്കെതിരെ അന്വേഷണം നടത്തുവാൻ ഇഡിക്ക് എഫ്.ഐ.ആർ ആവശ്യമായതുകൊണ്ട്, സംസ്ഥാന ഏജൻസിയെ കൊണ്ട് തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്ന ‘ഇന്ത്യാ’ മുന്നണിയുടെ പ്രചാരണത്തിന്റെ മുനയൊടിക്കാൻ ബിജെപിക്ക് ലഭിക്കുന്ന വലിയ അവസരമാണിത്. രാഹുൽ ഗാന്ധിക്ക് പോലും ഇഡിക്കെതിരെ ശബ്ദിക്കാൻ കഴിയാത്ത സാഹചര്യം ഇത് സൃഷ്ടിക്കുമെന്നും, കോൺഗ്രസ്-ബിജെപി ബന്ധം ഉയർത്തിപ്പിടിച്ച് കോൺഗ്രസിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സിപിഎം തയ്യാറെടുക്കുമെന്നും വിലയിരുത്തപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മാസപ്പടി വിഷയം ശക്തമായി ഉന്നയിച്ച കോൺഗ്രസിന്, കേസെടുക്കാനുള്ള സുവർണ്ണാവസരം ലഭിച്ചിട്ടും അത് വിട്ടുകളഞ്ഞാൽ അണികളോട് മറുപടി പറയേണ്ടി വരുമെന്ന പ്രതിസന്ധിയുമുണ്ട്.
അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം നേതാവ് മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കാനുള്ള ഇഡി നീക്കത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ഇഡിയുടെ കത്തിൽ നിയമപരമായ പരിശോധനകൾ നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയപാർട്ടികൾ കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങിക്കാറുണ്ട്. എന്നാൽ ഇത് അങ്ങനെയല്ല. വ്യത്യസ്തമായ കേസാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ന്യായീകരണമാണ് സിപിഐഎമ്മിന്റെ പ്രധാന ജോലി. ആ പാർട്ടിയിൽ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സിപിഐഎം വലിയ പ്രതിരോധത്തിലാണെന്ന് മുഖ്യമന്ത്രി. സംസ്ഥാന സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഏജൻസി അയച്ച് തന്നിരിക്കുന്ന നിയമപരമായ കാര്യങ്ങളാണ്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ട്. പുറത്ത് ഇഡിയുടെ വാഹനങ്ങൾ പ്രവർത്തകർ തല്ലിപൊളിക്കുകയായിരുന്നില്ല. മണിക്കൂറുകളോളം ചോദ്യം ചെയ്തു. അവർ പൂർണമായി സഹകരിക്കുക മാത്രമാണ് ചെയ്തത്. അതിൽ രാഷ്ട്രീയം ആരോപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇഡി ഇപ്പോൾ അയച്ചിരിക്കുന്ന കത്ത് പരിശോധിച്ച് ഗൗരവം പരിഗണിച്ച് തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇഡി കേസിലെ റിപോർട്ടിൻ്റെ വിശദാംശങ്ങൾ പറയുന്നതിന് പരിമിതി ഉണ്ട്. ലീഗൽ സ്‌ക്രൂട്ടനിയിൽ ഇരിക്കുന്ന വിഷയമാണെന്ന് അദേഹം പറഞ്ഞു.