38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് നടക്കും
തദ്ദേശത്തിലും നിയമസഭയിലും നടത്തിയ മുന്നേറ്റം ഭരണത്തിലെത്തി നാലാം മാസത്തിലെ ഉപതെരഞ്ഞെടുപ്പിലും യു ഡി എഫ് അവര്‍ത്തിക്കാനാകുമോയെന്നതിലാണ് ആകാംഷ. പ്രിയദര്‍ശിനി സൗജ്യനയാത്ര, ഓണക്കാലത്തെ വിപണി ഇടപെടൽ, തൂഫാൻ തുടങ്ങിയവ നേട്ടപ്പട്ടികയിലുണ്ട്
തിരുവനന്തപുരം| 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് നടക്കും. 60 ശതമാനത്തോളമാണ് ഉപതെരഞ്ഞെടുപ്പിലെ പോളിംഗ്. വി ഡി സതീശന്‍റെ നേതൃത്വത്തിൽ യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും അതീവ നിർണായകമാണ്. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നാണ് യു ഡി എഫ്, എൽ ഡി എഫ് നേതാക്കള്‍ പ്രതികരിച്ചത്. തദ്ദേശത്തിലും നിയമസഭയിലും നടത്തിയ മുന്നേറ്റം ഭരണത്തിലെത്തി നാലാം മാസത്തിലെ ഉപതെരഞ്ഞെടുപ്പിലും യു ഡി എഫ് അവര്‍ത്തിക്കാനാകുമോയെന്നതിലാണ് ആകാംഷ. പ്രിയദര്‍ശിനി സൗജ്യനയാത്ര, ഓണക്കാലത്തെ വിപണി ഇടപെടൽ, തൂഫാൻ തുടങ്ങിയവ നേട്ടപ്പട്ടികയിലുണ്ട്. പവര്‍ കട്ട് അടക്കമുള്ള വിവാദങ്ങളാണ് മറുവശത്തുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സി പി എം തുടങ്ങിയ തെറ്റ് തിരുത്തലിന് ശ്രമങ്ങൾ ഇടത് അനുകൂല വോട്ടുകള്‍ തിരികെത്തുമോയെന്നതാണ് മറ്റൊരു ചോദ്യം. ഇനി ബി ജെ പിയുടെ കാലമെന്ന് പറയുന്ന ആ പാര്‍ട്ടിയുടെ കണക്കു കൂട്ടലുകൾ ശരിവയ്ക്കുമോ ഉപതെരഞ്ഞെടുപ്പ് എന്നതിലും ആകാംഷയുണ്ട്. രാവിലെ പത്ത് മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ഉച്ചയോടെ പൂർണഫലം ലഭ്യമായേക്കും.
ആലപ്പുഴയും കൊല്ലവും ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളലും ഉപതെരഞ്ഞെടുപ്പ് നടന്നു എന്നതിനാൽ തന്നെ അതീവ പ്രധാന്യത്തോടെയാണ് മുന്നണികൾ ഫലം ഉറ്റുനോക്കുന്നത്. പ്രാദേശിക വിഷയങ്ങളാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ കൂടുതൽ ചർച്ചയാവുന്നതെങ്കിലും ഭരണത്തിലേറി നാല് മാസം പിന്നിടുമ്പോൾ ജനപ്രീതിയിൽ തെല്ലും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കാൻ ഉപതിരഞ്ഞെടുപ്പുകളിലെ മികച്ച വിജയം മുഖ്യമന്ത്രി വി ഡി സതീശനും യു ഡി എഫിനും അനിവാര്യമാണ്. പരാജയത്തിനുശേഷം തെറ്റുതിരുത്തലിലൂടെ ജനവിശ്വാസം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന സി പി എമ്മിനും ഇടത് മുന്നണിക്കും നേരിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞാൽ പോലും അതു നൽകുന്ന ആശ്വാസം ചെറുതാവില്ല. പ്രിയദർശിനി പദ്ധതി അടക്കം സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഉയർത്തിയാണ് യു ഡി എഫ് പ്രചാരണം നടത്തിയതെങ്കിൽ പവർകട്ട് അടക്കം സർക്കാരിനെതിരെ ഉയർന്ന പല വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ ഇടതുമുന്നണിയും ശ്രമിച്ചു. വിധി കുറിക്കപ്പെട്ട 38 തദ്ദേശ വാർഡുകളിൽ നിലവിലെ കണക്കനുസരിച്ച് യു ഡി എഫിനാണ് മേധാവിത്വം. 21 എണ്ണം യു ഡി എഫിന്റെ സിറ്റിംഗ് വാർഡുകളാണ്. 13 എണ്ണം എൽ ഡി എഫിനൊപ്പം. ട്വന്‍റി 20 അംഗം രാജി വെച്ചതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പാണ് എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ നടക്കുന്നത്. എം എൽ എമാർ രാജിവച്ചതിനെ തുടർന്ന് ഒഴിവ് വന്ന 8 തദ്ദേശ വാർഡുകളുണ്ട്. ഇതിൽ 7 ഉം യു ഡി എഫ് സിറ്റിംഗ് സീറ്റുകളാണ്.