പ്രമുഖ നടൻ കൊച്ചുപ്രേമൻ (കെ.എസ്. പ്രേംകുമാർ– 68) അന്തരിച്ചു.

ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം നാടകത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. 'ഏഴു നിറങ്ങള്‍' ആണ് കൊച്ചു പ്രേമന്‍റെ ആദ്യ സിനിമ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം.

0

തിരുവനന്തപുരം | പ്രമുഖ നടൻ കൊച്ചുപ്രേമൻ (കെ.എസ്. പ്രേംകുമാർ– 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ഇന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കൊച്ചു പ്രേമനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സിനിമയിൽ വരുന്നതിനു മുൻപു നാടകത്തിൽ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും കയ്യടി നേടി.തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. പേയാട് സർക്കാർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് എംജി കോളജിൽനിന്ന് ബിരുദം നേടി. ചെറുപ്പം മുതൽ നാടക രംഗത്ത് സജീവമായിരുന്നു

ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം നാടകത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ‘ഏഴു നിറങ്ങള്‍’ ആണ് കൊച്ചു പ്രേമന്‍റെ ആദ്യ സിനിമ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചു പ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. കെ.എസ്.പ്രേംകുമാർ എന്നതാണ് ശരിയായ പേര്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. സ്കൂൾ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയത് തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്സിൻ്റെ അനാമിക എന്ന നാടകത്തിലും തുടർന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചു.

ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമൻ്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ. നാടക സമിതിയിൽ സജീവമായ കാലത്ത് അദ്ദേഹത്തിൻ്റെ തന്നെ അതേ പേരുള്ള സുഹൃത്തും ആ സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കൊച്ചുപ്രേമൻ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. കൊച്ചു പ്രേമൻ എഴുതി സംവിധാനം ചെയ്ത നാടകം കണ്ട പ്രശസ്ത സംവിധായകൻ ജെ.സി.കുറ്റിക്കാടാണ് നാടകത്തിൽ നിന്ന് സിനിമയിലേക്ക് അവസരം നൽകിയത്.

1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. പിന്നീട് 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. ഇതിനിടയിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് കൊച്ചുപ്രേമൻ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്.അന്തരിച്ച നടൻ കൊച്ചുപ്രേമന് വിട നൽകി മലയാളസിനിമാ ലോകം. സലിം കുമാർ, മനോജ് കെ. ജയൻ, മധുപാൽ, ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, നാദിർഷ തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നു.മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു

You might also like