കാട്ടാനയാക്രമണം വയനാട്ടിൽ വിനോദസഞ്ചാരത്തിന് എത്തിയ യുവതി മരിച്ചു

മേപ്പാടി മേഖലയിൽ റിസോർട്ടുകൾ ടെന്റുകളിൽ സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുന്നത് അടുത്തിടെയായി വർദ്ധിച്ചു വന്നിട്ടുണ്ട്. സുരക്ഷ ഒരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം.

0

കൽപറ്റ: വയനാട്ടിൽ വിനോദസഞ്ചാരത്തിന് എത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കണ്ണൂർ ചേളേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്. മേപ്പാടി എളമ്പിലേരിയിൽ സ്വകാര്യ റിസോർട്ടിലെ ടെന്റിലെ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.അപകടം നടന്നയുടൻ യുവതിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും ജീവൻ രക്ഷിക്കാനായില്ല .മേപ്പാടി മേഖലയിൽ റിസോർട്ടുകൾ ടെന്റുകളിൽ സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുന്നത് അടുത്തിടെയായി വർദ്ധിച്ചു വന്നിട്ടുണ്ട്. സുരക്ഷ ഒരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം.

മേപ്പാടിയിലെ സ്വകാര്യ റിസോർട്ടിന്റെ ടെന്റിലാണ് സംഭവം.ഷഹാന താമസിച്ചിരുന്ന ഹോംസ്റ്റേ കാട്ടാന ആക്രമിക്കുകയായിരുന്നു. ടെന്റിലേക്ക് കാട്ടാന ആക്രമണം നടത്തുകയായിരുന്നു. മേപ്പാടി എളമ്പിരിയിലെ റിസോർട്ടിൽ ആണ് ദാരുണമായ സംഭവം നടന്നത്.വയനാട്ടിലെ റിസോർട്ടുകളിൽ ടെന്റ് കെട്ടി പുറത്ത് താമസിക്കുന്ന ഒരു പതിവുണ്ട്. ഇത് അനുസരിച്ച് റിസോർട്ടിന് പുറത്ത് രാത്രിയിൽ ടെന്റ് കെട്ടി താമസിക്കുകയായിരുന്നു. ഇതിനിടയിൽ ആണ് കാട്ടാന വന്ന് ആക്രമിച്ചത്.

ഓടിമാറാൻ ശ്രമിച്ചതെങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞില്ല. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി ഇവർക്ക് പരിക്കേറ്റു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ തന്നെ എത്തിച്ചെങ്കിലും ഇവർ മരിച്ചിരുന്നു. മരിച്ച ഷഹാന കണ്ണൂർ ചേളേരി സ്വദേശിയാണ്. കൂടെയുണ്ടായിരുന്ന മറ്റാർക്കും പരിക്കില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

മേപ്പാടിയിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. മേപ്പാടി ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഇവിടെ അടുത്ത് കഴിഞ്ഞ ദിവസം ഒരു തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.
നിരവധി റിസോർട്ടുകളാണ് ഇത്തരം പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നത്. അവയിൽ മിക്ക റിസോർട്ടുകളും തോട്ടം മേഖലയോട് ചേർന്നും വനാതിർത്തിയോട് ചേർന്നുമാണ്. സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ടെന്റ് സൗകര്യം ഒരുക്കുന്നത്. ഇത്തരത്തിൽ ടെന്റിൽ താമസിക്കുന്ന സമയത്താണ് കാട്ടാന ഇറങ്ങിയത്.കാട്ടാനയുടെ ശല്യം മേപ്പാടി ഭാഗത്ത് വളരെ രൂക്ഷമാണ്. ഇതിനെതിരെ നാട്ടുകാർ നേരത്തെ വലിയ രീതിയിലുള്ള പ്രക്ഷോഭവും നടത്തിയിരുന്നു.

അതേസമയം വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിൽ സ്വകാര്യ റിസോർട്ടിനെതിരെ വനംവകുപ്പ്. യുവതി താമസിച്ച റിസോർട്ടിന് ലൈസൻസില്ലെന്ന് സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കി. റിസോർട്ടിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും പാലിച്ചിരുന്നില്ല. വനത്തിന് അതിർത്തിയിൽ 10 മീറ്റർ അകലം പോലും ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചത്. വിനോദസഞ്ചാരികൾ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. ഇതോടൊപ്പം യുവതി മരിച്ചത് റിസോർട്ട് ഉടമ പറയുന്ന സ്ഥലത്താണൊ എന്ന സംശയവും വനംവകുപ്പ് പ്രകടിപ്പിച്ചു