വയനാട് ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെ മാനന്തവാടി താലൂക്കിൽ യുഡിഎഫ് ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. വന്യജീവി ആക്രമങ്ങളിൽ നിന്നും ജീവനും സ്വത്തിനും സുരക്ഷ വേണമെന്നാവശ്യപ്പെട്ടാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

0

കൽപറ്റ | വയനാട് ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി.

നാളെ മാനന്തവാടി താലൂക്കിൽ യുഡിഎഫ് ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. വന്യജീവി ആക്രമങ്ങളിൽ നിന്നും ജീവനും സ്വത്തിനും സുരക്ഷ വേണമെന്നാവശ്യപ്പെട്ടാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.വാളാട് ഇന്ന് കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വാളാട് വെള്ളാരംകുന്ന് തോമസ് എന്ന പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. കടുവയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടത് തുടയെല്ല് പൊട്ടുകയും ഗുരുതരമായി മുറിവേൽക്കുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് വാളാട് പുതുശേരി വാർഡിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലാണ് ജാഗ്രതാ നിർദേശം.

കടുവയെ കൂടുവച്ച് പിടിക്കുകയോ മയക്കുവെടി വയ്ക്കുകയോ ചെയ്യാൻ വനം വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനുള്ള നടപടികളും ആരംഭിച്ചു. സ്ഥലത്ത് വനം വകുപ്പിന്റെ ദ്രുത കർമ്മ സേന ഉൾപ്പെടെ എത്തിയിട്ടുണ്ട്. ഇതോടൊപ്പം പോലീസും ജില്ലാ ഭരണകൂടവും സജീവമായി രംഗത്തുണ്ട്.കടുവ ആക്രമണത്തിൽ മരിച്ച തോമസിന്റെ കുടുംബത്തിന് ആദ്യഘട്ടമായി 5 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാൻ മന്ത്രി എകെ ശശീന്ദ്രൻ വകുപ്പിന് നിർദ്ദേശം നൽകി

You might also like

-