തിരുവനന്തപുരം സ്വര്‍ണക്കടത്ത് രണ്ട് പേര്‍ കൂടി അറസ്റ്റില്‍, പ്രതികൾ എട്ടു കോടി കമ്മീഷൻ കൈപ്പറ്റിയതായി അന്വേഷണ സംഘം

കേസില്‍ രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചേരി സ്വദേശി അന്‍വർ, വേങ്ങര സ്വദേശി സെയ്തലവി എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്.

0

തിരുവനന്തപുരം സ്വര്‍ണക്കടത്ത്:രണ്ട് പേര്‍ കൂടി അറസ്റ്റില്‍, സന്ദീപിന്‍റെ ബാഗില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു, കേസില്‍ രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചേരി സ്വദേശി അന്‍വർ, വേങ്ങര സ്വദേശി സെയ്തലവി എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. സ്വർണക്കടത്തിന് ഇവർ പണം മുടക്കിയതായി കണ്ടെത്തി.നേരത്തെ അറസ്റ്റിലായ റമീസിനെ ചോദ്യംചെയ്തതില്‍ നിന്നാണ് അന്‍വറിനെയും സെയ്തലവിയെയും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്നാണ് രേഖപ്പടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി ഊര്‍ജിതമാക്കി ഇന്ത്യ: ദുബൈയിലുള്ള കൂടുതല്‍ പേര്‍ എന്‍ഐഎ നിരീക്ഷണത്തില്‍ സന്ദീപും റമീസുമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്മാർ എന്നാണ് കസ്റ്റംസിന്‍റെ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായത്. സ്വർണം കടത്താൻ വിവിധ മാർഗങ്ങൾ ആവിഷ്കരിക്കുന്നത് റമീസ് ആണ്. ജലാൽ മുഖേന സ്വർണക്കടത്തിന് പണം മുടക്കാൻ തയാറുള്ളവരെ കണ്ടെത്തുന്നു. ഈ പണം ഉപയോഗിച്ചാണ് സന്ദീപും റമീസും വിമാനത്താവളം വഴി സ്വർണം കടത്തുന്നത്. ലാഭവിഹിതം പണം മുടക്കിയവർക്ക് നൽകുന്നതും സ്വർണത്തിന് ആവശ്യക്കാരെ കണ്ടെത്തുന്നതും താഴെത്തട്ടിൽ വിതരണം ചെയ്യുന്നതും ജലാൽ ആണ്. അംജത് അലിയും മുഹമ്മദ്‌ ഷാഫിയും സ്വർണക്കടത്തിന് ഫിനാൻസ് ചെയ്തവരിൽ ഉൾപ്പെടുന്നുവെന്നുമാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ കസ്റ്റംസിന് ലഭിച്ച വിവരം.

അന്വേഷണ സംഘം നടത്തിയ പരിശോധനയിൽസന്ദീപിന്റെ ബാഗിൽ നിന്നും നിര്‍ണായക രേഖകള്‍ ലഭിച്ചു. പണമിടപാട് സംബന്ധിച്ച രേഖകളാണ് ലഭിച്ചത്. പണവും ഫിക്സഡ് ഡെപ്പോസിറ്റിന്‍റെ റെസിപ്റ്റും ബാഗിലുണ്ടായിരുന്നു. കോടതിയുടെ സാന്നിധ്യത്തില്‍ എന്‍ഐഎ ആണ് ഇന്നലെ സന്ദീപിന്റെ ബാഗ് പരിശോധിച്ചത്. കേസില്‍ ഇതുവരെ രണ്ട് പേരെ എന്‍ഐഎയും ഏഴ് പേരെ കസ്റ്റംസും അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിലെ സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ച് കസ്റ്റംസ്. ഗൂഡാലോചന നടന്ന ദിവസം സ്വപ്ന സ്റ്റാച്ചുവിലെ ടവർ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വർണം പിടിച്ച ദിവസവും സ്വപ്ന ഈ ടവർ ലൊക്കേഷനിലുണ്ടായിരുന്നു.രാവിലെ 9 മുതൽ 11.30 വരെയാണ് സ്വപ്‌ന ഈ ടവർ ലൊക്കേഷനിൽ ചെലവഴിച്ചത്. ജൂലൈ 1, 2 തിയതികളിൽ സരിത്തും സന്ദീപും ഇതേ ടവർ ലൊക്കേഷനിലുണ്ടായിരുന്നതായി കസ്റ്റംസ് പറയുന്നു.

അതേസമയം, സ്വർണക്കടത്ത് ഇടപാടിനായി പ്രതികൾ സമാഹരിച്ചത് 8 കോടി രൂപയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് സ്വർണം ദുബായിൽ നിന്ന് എത്തിച്ചത്.സ്വർണം ജ്വല്ലറികൾക്ക് വിൽക്കാൻ കരാറുണ്ടിക്കിയത് മൂവാറ്റുപുഴ സ്വദേശി ജലാലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഏഴു ലക്ഷം രൂപയാണ് സരിത്തിനും സ്വപ്‌നക്കും കമ്മീഷനായി നിശ്ചയിച്ചിരുന്നതെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു.