പി.ടിക്ക് ജന്മനാടിന്‍റെ വിട ! ആഗ്രഹം പോലെ മതചടങ്ങില്ല

5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി ആകും സംസ്കാരചടങ്ങുകൾ.

0

ഇടുക്കി | അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്‍റെ സംസ്കാരം ഇന്ന്. പി ടി തോമസിന്‍റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. തങ്ങളുടെ പ്രയപ്പെട്ട നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരുമാണ് പി ടിയുടെ വീട്ടിലെത്തിയത്. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറോളം ഉപ്പുതോട്ടിലെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ഡിസിസിയിലാകും പൊതുദർശനം.

തുടര്‍ന്ന് ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അർപ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി ടി തോമസിന്‍റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും. തുടർന്ന് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി ആകും സംസ്കാരചടങ്ങുകൾ.

കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അർബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയിൽ എത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ പിടി തോമസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. 71 വയസ്സായിരുന്നു.അര്‍ബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. മുന്‍പ് തൊടുപുഴയില്‍നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എം.പിയും ആയിരുന്നു. അന്ത്യോപചാര സമയത്ത് ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും’ പാട്ട് കേൾപ്പിക്കണം, മൃതദേഹത്തിൽ റീത്ത് വെക്കരുത്, മൃതദേഹം ദഹിപ്പിക്കണം എന്നിങ്ങനെയുള്ള തന്റെ അന്ത്യാഭിലാഷങ്ങൾ നവംബർ 22ന് തന്നെ അന്തരിച്ച എംഎൽഎ പിടി തോമസ് എഴുതിവെപ്പിച്ചിരുന്നു. സുഹൃത്തുക്കൾക്കാണ് പിടി തോമസ് അന്ത്യാഭിലാഷം എഴുതി കൈമാറിയത്. കണ്ണുകൾ ദാനം ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.

You might also like