സ്വര്‍ണക്കടത്ത് ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി ഇന്ത്യ

നിയമ വിദഗ്ധരുമായി ചർച്ച നടത്തി മാധ്യമ പ്രവർത്തകരെ കാണുമെന്ന് തിങ്കളാഴ്ച രാവിലെ പ്രതികരിച്ചിരുന്ന ഫൈസൽ ഫരീദിനെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ല

0

തിരുവനതപുരം :സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കി. ദുബൈയിലുള്ള മറ്റ് ചിലര്‍‌ കൂടി എന്‍ഐഎ നിരീക്ഷണത്തിലാണ്. ഇരു രാജ്യങ്ങളിലെയും അന്വേഷണ ഏജൻസികൾ തമ്മിൽ മികച്ച ഏകോപനമാണുള്ളതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.മാധ്യമങ്ങളിൽ തന്റെ പേരും ചിത്രങ്ങളും വന്ന് മണിക്കൂറുകൾ കഴിഞ്ഞ് എല്ലാവരുടെയും മുന്നിൽ വരാൻ ഫൈസൽ തയാറായി. മാധ്യമങ്ങൾക്ക് മുൻപിൽ താനല്ല അയാളെന്നും തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും ഫൈസൽ ഫരീദ് പറഞ്ഞിരുന്നു.

എൻ.ഐ.എ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഫൈസൽ ഫരീദ് മൂന്ന് ദിവസങ്ങളായി ആർക്കും പിടികൊടുക്കാതെ ദുബൈയിൽ ഒളിവിൽ തുടരുകയാണ്. നിയമ വിദഗ്ധരുമായി ചർച്ച നടത്തി മാധ്യമ പ്രവർത്തകരെ കാണുമെന്ന് തിങ്കളാഴ്ച രാവിലെ പ്രതികരിച്ചിരുന്ന ഫൈസൽ ഫരീദിനെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ല. ഇയാൾ ദുബൈ പൊലീസ് പിടിയിലായെന്ന പ്രചാരണമുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെയില്ല. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും യു.എ.ഇയിൽ നിന്ന് ഇയാളെ വിട്ടുകിട്ടുക എളുപ്പമാകില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ യു.എ.ഇ നിയമ പ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും.ദുബായ് റാഷിദിയയിലെ വില്ലയിലായിരുന്നു ഫൈസൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.എന്നാൽ ഫൈസിലിനെ കണ്ടെത്തുന്നതു സംബന്ധിച്ച് ദുബായ് ഇന്ത്യൻ കോൺസുലേറ്റിന് ഇന്നലെ വൈകിട്ടു വരെ എൻഐഎയിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടില്ല

ഫൈസൽ ഫരീദിനൊപ്പം നയതന്ത്ര ചാനലുകൾ മുഖേന സ്വർണം കടത്താൻ സഹായിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയ ചിലർക്കെതിരെയും എൻ.ഐ.എ യുഎ.ഇ അധികൃതരെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. റമീസ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. അന്വേഷണത്തിന്‍റെ ഭാഗമായി എൻ.ഐ.എ സംഘം യു.എ.ഇയിൽ എത്താനും സാധ്യതയുണ്ട്.