തദ്ദേശ തിരഞ്ഞെടുപ്പ്: പ്രോക്സി വോട്ടില്‍ നിയമോപദേശം തേടും

നിയമോപദേശവും തേടും. അതിനു ശേഷം ഒര്‍ഡിനന്‍സിന് അന്തിമ രൂപം നല്‍കും

0

തിരുവനന്തപുരം ;തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ടോ പോസ്റ്റല്‍ വോട്ടോ ഏര്‍പ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശത്തില്‍ അന്തിമ തീരുമാനം ഉടനില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടും. നിയമോപദേശവും തേടും. അതിനു ശേഷം ഒര്‍ഡിനന്‍സിന് അന്തിമ രൂപം നല്‍കും. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം കമ്മിഷന്‍ തേടണം എന്ന അഭിപ്രായം ഭരണമുന്നണിയിലുമുണ്ട്. അതിന് ശേഷം നിയമ വിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും പഞ്ചായത്തിരാജ് നഗരപാലികാ നിയമഭേദഗതിക്കുള്ള ഒര്‍ഡിനന്‍സ് കൊണ്ടുവരിക

കോവിഡ് രോഗികള്‍, നിരീക്ഷണത്തിലുള്ളവര്‍ എന്നിവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രോക്സി വോട്ട് അല്ലെങ്കില്‍ പോസ്റ്റല്‍ വോട്ട് വേണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശചെയ്തത്. വ്യക്തിയുടെ സൗകര്യാര്‍ഥം പ്രോക്സി വോട്ടോ പോസ്റ്റല്‍വോട്ടോ തിരഞ്ഞെടുക്കാനുള്ള അവകാശം നല്‍കണം. നിയമവകുപ്പ് ഇക്കാര്യം വിശദമായി പരിശോധിച്ച് വരികയാണ്. പ്രോക്സി വോട്ട് വ്യാപകമായി ഏര്‍പ്പെടുത്തുക കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം.വോട്ടവകാശം മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യുക ഭരണഘടനാപരമായി സാധുതയില്ലാത്ത കാര്യമാണ്. പ്രത്യേക സാഹചര്യത്തില്‍ അനുവദിക്കപ്പെടാം എന്നുമാത്രം. പോസ്റ്റല്‍വോട്ട് ഇപ്പോള്‍സര്‍വീസ് വോട്ടര്‍മാര്‍ക്കാണ് ലഭ്യമായുള്ളത്. പത്ത് ദിവസം മുന്‍പ് അപേക്ഷിക്കണം. ഇത് കോവിഡ് സാഹചര്യത്തില്‍ സാധ്യമായി എന്ന് വരില്ല. അതോടൊപ്പം പോസ്റ്റല്‍വോട്ട് ദുരുപയോഗം ചെയ്യപ്പെടാം എന്ന ആശങ്കയും ഉണ്ട്.