അമേരിയിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ

മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍ പാതി നഗ്‌നമായ രീതിയില്‍ കണ്ടെത്തിയത്

0

മയാമി (ഫ്‌ലോറിഡ) : മയാമി സൗത്ത് ബീച്ച് റസ്റ്റോറന്റില്‍ വച്ചു കണ്ടു മുട്ടിയ രണ്ടു യുവാക്കളുമായി മയാമി ബീച്ചിലുള്ള ആല്‍ബിയന്‍ ഹോട്ടലിലേക്ക് പോയ ഇരുപത്തിനാല് വയസ്സുള്ള യുവതി മരിച്ച നിലയില്‍.വ്യാഴാഴ്ചയാണ് ഇവരുടെ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍ പാതി നഗ്‌നമായ രീതിയില്‍ കണ്ടെത്തിയത് . തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും പുറത്ത് ഇറങ്ങി പോയ രണ്ടു യുവാക്കളെ പോലീസ് അറസ്‌റ് ചെയ്തു . യുവതിയും രണ്ട് യുവാക്കളും ചേര്‍ന്ന് മുറിയില്‍ പ്രവേശിക്കുന്ന ചിത്രങ്ങള്‍ ഹോട്ടലിലെ ക്യാമറയില്‍ കണ്ടെത്തിയിരുന്നു. ഒരു മണിക്കൂറിനു ശേഷം മുറിയില്‍ നിന്നും ഇറങ്ങി പോകുന്ന നോര്‍ത്ത് കരോലീനയില്‍ നിന്നുള്ള ഇവോയര്‍ കോലിയര്‍ (21) ഡോറെയ്ന്‍ ടെയ്ലര്‍ (24) എന്നിവരുടെ ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞിരുന്നത് .

ഹോട്ടല്‍ മുറിയില്‍ പ്രവേശിച്ച രണ്ടു യുവാക്കള്‍ യുവതിയായ ക്രിസ്റ്റിന്‍ എങ്കള്‍ ഹര്‍ട്ടിന് (24) പച്ച നിറത്തിലുള്ള ഒരു പില്‍ നല്‍കിയതായും തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയുമായി ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി . തുടര്‍ന്ന് യുവതിയുടെ കൈവശമുണ്ടായിരുന്ന ക്രഡിറ്റ് കാര്‍ഡ് മോഷ്ടിച്ച് പല സ്ഥലങ്ങളിലും അതുപയോഗിച്ചതായി കണ്ടെത്തിയിരുന്നു .

യുവതിക്ക് നല്‍കിയത് വേദന സംഹാരി ടാബ്ലറ്റ് ആയിരുന്നുവെന്ന് പ്രതികളിലൊരാള്‍ പറഞ്ഞു എന്നാല്‍ ഫെന്റ്റനില്‍ പോലുള്ള മയക്കുമരുന്നാകാം എന്നാണ് പോലീസിന്റെ നിഗമനം .മാര്‍ച്ച് 22 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ യുവാക്കള്‍ക്ക് എതിരെ ലൈംഗികപീഡനം, കളവ്, അനുമതിയില്ലാതെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്
മരണകാരണം വ്യക്തമാകുന്നതോടെ കൊലപാതകക്കുറ്റം വരെ ചുമത്താന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു