ഡോ. അനുപമ ഗോട്ടിമുകുള ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്‍റ്

മാസങ്ങളോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം ശാന്തമായി ഇലക്ട്രോണിക് പ്രോസസിലൂടെയാണ് വിജയികളെ കണ്ടെത്തിയത്

0

ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎപിഐ) 2021- 2022 വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. നിലവിലുള്ള പ്രസിഡന്റ് ഡോ. സുധാകറാണ് അമേരിക്കയിലെ ഏറ്റവും വലിയ എത്ത്‌നിക്ക് മെഡിക്കല്‍ ഓര്‍ഗനൈസേഷന്റെ ഭാരവാഹികളായി ഡോ. അനുപമ ഗോട്ടി മുകുള (പ്രസിഡന്റ്), ഡോ. അജ്ഞന സമദാര്‍ (വൈസ് പ്രസിഡന്റ്), ഡോ. സതീഷ് കാതുള (സെക്രട്ടറി), ഡോ. കൃഷ്ണന്‍ കുമാര്‍ (ട്രഷറര്‍) എന്നിവരെ ചീഫ് ഇലക്ഷന്‍ ഓഫിസര്‍ ഡോ. സീമാ അറോറയുടെ അംഗീകാരത്തോടെ പ്രഖ്യാപിച്ചത്.

മാസങ്ങളോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം ശാന്തമായി ഇലക്ട്രോണിക് പ്രോസസിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഇലക്ട്രോണിക് സംവിധാനം വഴി തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചതെന്നു ചീഫ് ഇലക്ഷന്‍ ഓഫിസര്‍ ഡോ. അറോറ അറിയിച്ചു. രണ്ടു വര്‍ഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. തെരഞ്ഞെടുപ്പില്‍ സഹകരിച്ച എല്ലാവരോടും അറോറ നന്ദി അറിയിച്ചു.

പ്രസിഡന്റ് ഇലക്ടായി ഡോ. രവി കോലി, ബോഡ് ഓഫ് ട്രസ്റ്റീസ് അധ്യക്ഷയായി ഡോ. കുസും പഞ്ചാബി, അംഗങ്ങളായി ഡോ. സൗമ്യ, ഡോ. അയിഷ സിംഗ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. യുഎസ്എയില്‍ 80,000 ഫിസിഷ്യന്മാരെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും വലിയ ഡോക്ടര്‍മാരുടെ സംഘടനയാണ് എഎപിഐ.