ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി

ജസ്റ്റിസ് വി ഗോപിനാഥിൻ്റെ ബെഞ്ചാണ് വിധി പറയുക. കേസിൽ പ്രോസിക്യൂഷൻ്റെയും പ്രതി ഭാഗത്തിൻ്റെയും വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു

0

കൊച്ചി | ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു രജിസ്റ്റർ ചെയ്ത വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് പറയും. രാവിലെ 10.15 ന് ജസ്റ്റിസ് വി ഗോപിനാഥിൻ്റെ ബെഞ്ചാണ് വിധി പറയുക. കേസിൽ പ്രോസിക്യൂഷൻ്റെയും പ്രതി ഭാഗത്തിൻ്റെയും വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തോട് നിസ്സഹകരണം തെളിവ് നശിപ്പിക്കാനുള്ള സാധ്യത തുടങ്ങിയവയാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദങ്ങൾ. അതേസമയം കേസ് ബാലചന്ദ്ര കുമാറിനെ ഉപയോഗിച്ച് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ വീഴ്ചകൾ മനസ്സിലാക്കി പുതിയ കേസ് രജിസ്റ്റർ ചെയ്തു ഇരുമ്പഴിക്കുള്ളിൽ ആക്കുകയാണ് ലക്ഷ്യം.

ബൈജു പൗലോസിനെതിരെ ഡിജിപിക്ക് പരാതി നൽകിയതിലുള്ള വൈരാഗ്യവും കേസിന് കാരണമായെന്ന് ദിലീപ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിധി ഇരുവിഭാഗത്തിനും ഒരുപോലെ നിർണായകമാണ്. അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നും വിചാരണ വേഗത്തിൽ തീർക്കണം എന്ന ദിലീപിൻ്റെ ഹർജിയും ഇന്ന് പരിഗണിക്കും.അതേസമയം തന്നെ മൂന്ന് ദിവസം സമ്മർദ്ദം ചെലുത്തിയാണ് ചോദ്യം ചെയ്തതെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും കിട്ടാത്ത എന്തു വിവരമാണ് ഇനി കിട്ടുക എന്നും അഭിഭാഷകൻ വാദിച്ചു. നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് മനസ്സിലായതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സി.ഐ ബൈജു പൗലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

You might also like

-