പൊള്ളലേറ്റ  മരിച്ച ദേവികയുടെ  കുടുംബത്തിന്  എല്ലാസഹായവും    നൽകും ജില്ലാ ഭരണകുടം 

ദേവികയെ  ആത്മഹത്യയിലേക്ക്  നയിച്ച സംഭവത്തിൽ  തിരൂര് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 11 അംഗ സംഘം അന്വേക്ഷണം ആരംഭിച്ചു

0

മലപ്പുറം : കഴിഞ്ഞദിവസം പൊള്ളലേറ്റ  മരിച്ച നിലയിൽ കണ്ടെത്തിയ ദേവികയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് മലപ്പുറം ജില്ല കളക്ടർ കെ ഗോപാലകൃഷ്ണൻ. ദേവികയുടെ വീട്ടിൽ ടെലിവിഷനും നെറ്റ് വർക്കും എത്തിക്കുമെന്നും കൈക്കുഞ്ഞായ സഹോദരിക്ക് പോഷകാഹാരം ഉറപ്പ് വരുത്തുമെന്നും കളക്ടർ പറഞ്ഞു. വൈകീട്ട്  ഏഴ് മണിയോടെ ആണ് ജില്ലാകളക്ടർ കെ ഗോപാലകൃഷ്ണനും  എസ് പി  യു അബ്ദുൽ കരീമും    ദേവികയുടെ വീട്ടിൽ എത്തിയത്.ദേവികയുടെ അച്ഛൻ ബാലകൃഷ്ണനോട് കുറച്ച് സമയം സംസാരിച്ച ശേഷമാണ് കളക്ടർ വീട്ടിനുള്ളിലേക്ക് കയറിയത്. മുത്തശ്ശി കാളിയേയും അമ്മ ഷീബയേയും അദ്ദേഹം കണ്ടു. മറ്റ് കുഞ്ഞുങ്ങൾക്ക് ധൈര്യം നൽകണം എന്നും തളർന്നു പോകരുത് എന്നും കളക്ടർ അമ്മയോട് പറഞ്ഞു. മുക്കാൽ മണിക്കൂറിലേറെ സമയം അദ്ദേഹം അവിടെ ചെലവഴിച്ചു.ദേവികയുടെ വീട്ടിൽ ടിവിയും നെറ്റ് വർക് സൗകര്യവും എത്തിക്കും എന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. കൈകുഞ്ഞായ ഇളയ പെൺകുട്ടിക്ക് പോഷകാഹാരം ഉറപ്പ് വരുത്തും. ജില്ലയിൽ ഓൺലൈൻ പഠന സംവിധാനം ഇല്ലാത്തവർക്ക് 8 ന് മുൻപായി സൗകര്യം ഉറപ്പ് വരുത്തുമെന്ന് പറഞ്ഞ കളക്ടർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിക്കുമെന്നും വ്യക്തമാക്കി. ദേവികയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക്  കൗൺസിലിംഗ് ഉറപ്പ് വരുത്തും.വൈദ്യുതി ഇല്ലാത്ത മേഖലയിൽ വായനശാല അംഗൺവാടി എന്നിവ കേന്ദ്രീകരിച്ച് ആകും സംവിധാനം ഒരുക്കുകയെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം  ദേവികയെ  ആത്മഹത്യയിലേക്ക്  നയിച്ച സംഭവത്തിൽ  തിരൂര് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 11 അംഗ സംഘം അന്വേക്ഷണം ആരംഭിച്ചു . തിരൂർ ഡിവൈഎസ്പി എ. സുരേഷ്ബാബുവിനൊപ്പം വളാഞ്ചേരി സിഐ, 2 വനിതാ പോലീസുകാർ എന്നിവരും സംഘത്തിൽ ഉണ്ട്.ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിൽ ആണ് മകൾ ജീവനൊടുക്കിയത് എന്ന് അച്ഛൻ ബാലകൃഷ്ണൻ പറഞ്ഞിരുന്നു. നേരത്തെ പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവികയുടെ മരണം ആത്മഹത്യ ആണെന്ന വിലയിരുത്തലാണ് പോലീസിന് ഉള്ളത്.ഓൺലൈൻ പഠനം നടത്താൻ കഴിയാതെ പോയത് മാത്രമാണോ ജീവനൊടുക്കാൻ കാരണം എന്നതാകും പോലീസ് അന്വേഷിക്കുക. ജൂൺ ഒന്നിന് വൈകീട്ട് ആണ്  ദേവികയെ വീടിന് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

You might also like

-