വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും :ആർ നാസർ

തന്നെ തോൽപ്പിക്കാൻ ശ്രമിച്ച നേതാക്കന്മാർ പാർട്ടിയിൽ സർവ്വസമ്മതരായി നടക്കുന്നു. അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാകുന്ന കാലം വിദൂരമല്ലെന്നുമായിരുന്നു പ്രതിഭ പോസ്റ്റില്‍ പറഞ്ഞത്

0

ആലപ്പുഴ | വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും. എംഎല്‍എയുടെ ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. “അവർ പരാതി പറയേണ്ടത് പാർട്ടി ഫോറത്തിലാണ് തോൽപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണം എംഎല്‍എ ഒരിടത്തും ഉന്നയിച്ചിട്ടില്ല ” ആര്‍ നാസര്‍ വിശദീകരിച്ചു. പ്രതിഭയുടെ വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടി എടുക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

വോട്ട് ചോർച്ച ഉണ്ടായെന്ന എംഎല്‍എയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് കണക്കുകൾ നിരത്തി ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു . മുൻ വർഷത്തെക്കാൾ കൂടുതൽ വോട്ടുകൾ പ്രതിഭയ്ക്ക് കിട്ടിയെന്നായിരുന്നു ഏരിയ സെക്രട്ടറി പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ വോട്ട് ചോർന്നത് എങ്ങും ചർച്ചയായില്ല. തന്നെ തോൽപ്പിക്കാൻ ശ്രമിച്ച നേതാക്കന്മാർ പാർട്ടിയിൽ സർവ്വസമ്മതരായി നടക്കുന്നു. അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാകുന്ന കാലം വിദൂരമല്ലെന്നുമായിരുന്നു പ്രതിഭ പോസ്റ്റില്‍ പറഞ്ഞത്. ‘നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം വോട്ട് ചോർച്ച ഉണ്ടായ മണ്ഡലമാണ് കായംകുളം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ പാർട്ടി പരിശോധിച്ചപ്പോൾ, കായംകുളത്ത് അത് ഉണ്ടായില്ല. തന്നെ തോൽപ്പിക്കാൻ കുതന്ത്രം മെനഞ്ഞ നേതാക്കന്മാർ സർവ്വസമ്മതരായി നടക്കുന്നു. തോൽപ്പിക്കാൻ മുന്നിൽ നിന്ന പ്രാദേശിക മാധ്യമപ്രവർത്തകനെ പാർട്ടി ഏരിയ കമ്മിറ്റി, താലൂക്ക് ആശുപത്രിയുടെ ഭരണസമിതിയിൽ ഉൾപ്പെടുത്തി’.

എല്ലാത്തിനും കാലം കണക്ക് ചോദിക്കുമെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് പ്രതിഭ അവസാനിപ്പിക്കുന്നത്. എംഎൽഎയുടെ തുറന്നുപറച്ചിലൂടെ കായംകുളത്തെ അതിശക്തമായ വിഭാഗീയതയാണ് മറനീക്കി പുറത്തുവരുന്നത്. പ്രതിഭയും ഒരു വിഭാഗം പാർട്ടി നേതാക്കളുമായി പോര് തുടങ്ങിയിട്ട് നാളേറെയായി. ഇത്തവണത്തെ പാർട്ടി സമ്മേളനത്തോടെ, ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് എംഎൽഎ പ്രതീക്ഷിച്ചിരുന്നു. അത് നടക്കാതെ പോയതിന്‍റെ വിരോധമാണ് ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെന്നാണ് കായംകുളത്തെ എതിർചേരി പറയുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ റിവ്യൂ വേളയിലടക്കം ഒരുപരാതിയും പറയാത്ത പ്രതിഭയുടെ ഇപ്പോഴത്തെ തുറന്നുപറച്ചിൽ കടുത്ത അച്ചടക്ക ലംഘനമായി പാർട്ടി ജില്ലാ നേതൃത്വം കാണുന്നു.

You might also like

-