ബലാത്സംഗ കേസില്‍ വിജയ് ബാബു ദുബായിൽ കിഴടങ്ങേയേക്കുമെന്നാണ് പ്രതീക്ഷ, സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും,ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി ഇന്നു തന്നെ പരിഗണിക്കണമെന്ന് വിജയ് ബാബുവിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടേക്കും.

0

കൊച്ചി | ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. നടന് മുന്നിൽ മറ്റ് വഴികളില്ല. വിജയ് ബാബു ദുബായിൽ ആണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 24 നാണ് ബംഗളൂരുവില്‍ നിന്ന് വിജയ് ബാബു ദുബായിലേക്ക് കടന്നത്. സിസിടിവി ദൃശ്യങ്ങൾ മാത്രല്ല വേറെയും ശാസ്ത്രീയ തെളിവുകൾ ഉണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങൾ കഴമ്പുള്ളതെന്ന് ഓരോ നിമിഷവും തെളിയുന്നെന്നും കമ്മിഷണർ പറഞ്ഞു.

കേസില്‍ നിർണായക തെളിവുകൾ ശേഖരിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉള്ളത്.

മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിലുള്ളത്. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസിന് ലഭിച്ചു.
അതേസമയം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും,ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി ഇന്നു തന്നെ പരിഗണിക്കണമെന്ന് വിജയ് ബാബുവിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടേക്കും. തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ തൻ്റെ കൈവശമുണ്ടെന്നും ഹർജിയിൽ വിജയ് ബാബു പറയുന്നു.

സമൂഹത്തിലെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഒരു ഫാഷനായി മാറിയെന്നും അത്തരമൊരു ദുരുദ്ദേശത്തോടെയാണ് ഈ പരാതിയെന്നും ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നു. താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി. സംഭവത്തിൻ്റെ സത്യാവസ്ഥ കോടതിയേയും അന്വേഷണസംഘത്തേയും ബോധ്യപ്പെടുത്താൻ സാധിക്കും. നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുന്ന വാട്സാപ്പ് ചാറ്റുകൾ, മെസേജുകൾ, വീഡിയോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ തൻ്റെ കൈവശമുണ്ട്. ഇല്ലാത്ത തെളിവുകൾ തനിക്കെതിരെ കണ്ടെത്തി എന്ന് മാധ്യമവാർത്ത കൊടുക്കുകയാണ് അന്വേഷണസംഘവും പരാതിക്കാരിയായ നടിയും ചെയ്യുന്നതെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു.

-

You might also like

-