ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

കുട്ടികൾക്കായി നിരവധി രചനകൾ നിർവഹിച്ച എഴുത്തുകാരിയാണ് സുമം​ഗല.

0

തൃശൂർ :ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 88 വയസായിരുന്നു. അന്ത്യം വടക്കാഞ്ചേരിയിലെ മകൻ്റെ വീട്ടിൽ വച്ച്. രണ്ടാഴ്ചയായി അവശ നിലയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.കുട്ടികൾക്കായി നിരവധി രചനകൾ നിർവഹിച്ച എഴുത്തുകാരിയാണ് സുമം​ഗല. പണ്ഡിതനും കവിയുമായിരുന്ന ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും നമ്പൂതിരി സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിലൊരാളായ കുറൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മകൾ, ഉമാ അന്തർജ്ജനത്തിന്റെയും. മൂത്ത പുത്രിയായിരുന്നു ലീലാ നമ്പൂതിരിപ്പാട് എന്ന സുമം​ഗല.

പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകൾ (ശുകസപ്തതിയുടെ പുനരാഖ്യാനം), കുറിഞ്ഞിയും കൂട്ടുകാരും, നെയ്‌പായസം തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികൾ, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികൾ എന്നിവയാണഅ പ്രധാന കൃതികൾ.പൂന്താനം-ജ്ഞാനപ്പാന പുരസ്‌കാരം,കേരളസർക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാർഡ് (നെയ്‌പായസം), കേരളസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി അവാർഡ് (മിഠായിപ്പൊതി), ബാലസാഹിത്യത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം( നടന്നു തീരാത്ത വഴികൾ), കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം 2013, ശൂരനാട് കുഞ്ഞൻപിള്ള പുരസ്ക്കാരം (2017) എന്നിവ ലഭിച്ചിട്ടുണ്ട്.

സുമംഗലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യകൃതികൾ ലളിതവും ശുദ്ധവുമായ ഭാഷയിൽ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവർ എന്നും എഴുത്തിൽ നിലനിർത്തിയിരുന്നു.
ധാരാളം പുരാണ കൃതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുള്ള
സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണ്.
പുരാണേതിഹാസങ്ങളിലേക്ക് ബാല മനസ്സുകൾക്ക് വാതിൽ തുറന്നു കൊടുക്കുന്ന ധർമമാണ് അവർ പ്രധാനമായും നിർവഹിച്ചത്.
മിഠായിപ്പൊതി പോലുള്ള കൃതികളുമായി കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് അവർ അനായാസേന കടന്നുചെന്നു.വിപുലമായ വായനയുടെ സംസ്കാരം അവരുടെ കൃതികളിലാകെ പ്രതിഫലിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

You might also like

-