ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര,വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്

"ആദ്യഘട്ടത്തില്‍ ആണ് 3000 രൂപ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ആശമാരുടെ ഓണറേറിയം 12000 രൂപയാകും. അങ്കണവാടി ജീവനക്കാരെ പരിഗണിക്കും. 1000 രൂപ വര്‍ധിപ്പിക്കും. പാചക തൊഴിലാളികളുടെ വേതനം 1000 രൂപ വര്‍ധിപ്പിക്കും. പ്രീ പ്രൈമറി ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവരുടെ ഓണറേറിയം 1000 രൂപയായും വര്‍ധിപ്പിക്കും',

തിരുവനന്തപുരം | യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. വയോജന വകുപ്പ് രാജ്യത്ത് ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സമൂഹം പരിഷ്കൃതമാകമമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു. വയോജന വകുപ്പിന് പിന്നിൽ സ്വപ്നതുല്യമായ ലക്ഷ്യമുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. മന്ത്രിസഭയോ​ഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനം.ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ചതായും വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 1000 രൂപ കൂട്ടി. പാചകതൊഴിലാളികള്‍ക്കും 1000 രൂപ വര്‍ധിപ്പിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതൽ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീ പ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 1000 രൂപ കൂട്ടി. സാമ്പത്തിക സ്ഥിതിയിൽ ധവള പത്രം ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ആദ്യഘട്ടത്തില്‍ ആണ് 3000 രൂപ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ആശമാരുടെ ഓണറേറിയം 12000 രൂപയാകും. അങ്കണവാടി ജീവനക്കാരെ പരിഗണിക്കും. 1000 രൂപ വര്‍ധിപ്പിക്കും. പാചക തൊഴിലാളികളുടെ വേതനം 1000 രൂപ വര്‍ധിപ്പിക്കും. പ്രീ പ്രൈമറി ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവരുടെ ഓണറേറിയം 1000 രൂപയായും വര്‍ധിപ്പിക്കും’, വി ഡി സതീശന്‍ പറഞ്ഞു.

ജി സുധാകരനായിരിക്കും പ്രോ ടേം സ്പീക്കര്‍. 21 മുതൽ നിയമസഭ സമ്മേളനം ആരംഭിക്കും. 21നായിരിക്കും എംഎൽഎമാരുടെ സത്യപ്രതിജ്ഞ. 29നായിരിക്കും നയപ്രഖ്യാപനം. ടി അസഫലിയെ ഡയറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിച്ചു. മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ മര്‍ദനം എസ്ഐടി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ ആദ്യ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. കീഴ് വഴക്കങ്ങള്‍ മാറ്റപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ആക്രമിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. ‘പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്തും. എസ്‌ഐടിയില്‍ ആരൊക്കെ എന്നത് ആഭ്യന്തരവകുപ്പ് തീരുമാനിക്കും. വകുപ്പുകള്‍ എല്ലാം കൃത്യ സമയത്ത് അറിയും. റെക്കോര്‍ഡ് വേഗത്തില്‍ ആണ് എല്ലാം ചെയ്യുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

സൗജന്യ യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പിന്നീട് അറിയിക്കുമെന്നും സെക്രട്ടറിയേറ്റിലേക്കുള്ള മാധ്യമങ്ങളുടെ വിലക്ക് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ധവള പത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You might also like

-