“അഴിമതിപ്പാലം “പാലാരിവട്ടം പാലം പൊളിക്കൽ ഇന്നുമുതൽ എട്ടുമാസത്തിനുള്ളിൽ പുതിയ പാലം

പാലത്തിലെ ടാറിളക്കി മാറ്റിയശേഷം ബുനധാഴ്ചയോടെയാണ് പൊളിക്കാന്‍ തുടങ്ങുക. പാലത്തിന്‍റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക.

0

കൊച്ചി :സംസ്ഥാനത്തെ ജനങ്ങളുടെ മനസില്‍ മായാതെ നില്‍ക്കുന്ന അഴിമതിയുടെ കോണ്‍ക്രീറ്റ് പ്രതീകം .സുപ്രിം കോടതി വിധിയെ തുടർന്ന് പൊളിച്ച് പണിയുന്നതിനുള്ള പ്രാരംഭ ജോലികള്‍ ഇന്നാരംഭിക്കും. പാലത്തിലെ ടാറിളക്കി മാറ്റിയശേഷം ബുനധാഴ്ചയോടെയാണ് പൊളിക്കാന്‍ തുടങ്ങുക. പാലത്തിന്‍റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക. 8 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്ഡിഎംആര്‍സി എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയിലെ തൊഴിലാളികളാണ് ജോലികള്‍ തുടങ്ങുന്നത്. 8 മാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി ഉറപ്പുള്ള പാലം കൊച്ചിക്ക് നല്‍കുകയാണ് ലക്ഷ്യം.

പാലാരിവട്ടം പാലം മെട്രോ മാന്‍ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനിലെ വിദഗ്ധരായ എന്‍ജിനിയര്‍മാരും നിര്‍മാണ മേഖലയിലെ സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയിലെ തൊഴിലാളികളും ചേര്‍ന്നാണ് പാലം പൊളിച്ച് പുതിയത് പണിയുന്നത്. അരക്കിലോമീറ്ററിലേറെ നീളമുള്ള പാലത്തിലെ ടാര്‍ ഇളക്കി മാറ്റുന്ന ജോലിയാണ് ഇന്ന് മുതല്‍ തുടങ്ങുക. ഇതിന് അഞ്ച് മുതല്‍ പത്ത് ദിവസം വരെ സമയമെടുക്കും. ഒരു ഭാഗത്ത ടാര്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇളക്കിമാറ്റികഴഞ്ഞാല്‍ ഗര്‍ഡറുകള്‍ ഡയമണ്ട് കട്ടറുകള്‍ ഉപയോഗിച്ച് സൂക്ഷ്മതയോടെ മുറിച്ചുമാറ്റും. ഇതിനൊപ്പം പുതിയ ഗര്‍ഡറുകള്‍ ഡിഎംആര്‍സിയുടെ യാര്‍ഡില്‍ പണിയും.പാലത്തിന്റ തൂണുകള്‍ പൊളിച്ചുമാറ്റില്ല. പകരം കോണ്‍ഗ്രീറ്റ് ജാക്കറ്റിങ് നടത്തി ബലപ്പെടുത്തും. പിയര്‍ക്യാപ്പുകളും പൊളിച്ച് പുതിയത് പണിയും.

പകല്‍ സമയം ഒഴിവാക്കി പ്രധാനജോലികള്‍ രാത്രിയില്‍ പൂര്‍ത്തീകരിക്കും. എട്ട് മുതല്‍ 9 മാസമാസംവരെയാണ് പാലംപണിയാന്‍ സര്‍ക്കാര്‍ നല്‍കിയ സമയമെങ്കിലും ഇതിലും നേരത്തെ ,ജോലികള്‍ തീര്‍ക്കാനാണ് ഡിഎംആര്‍സി ലക്ഷ്യമിടുന്നത്.പതിനെട്ടരക്കോടി രൂപയാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാനുള്ള ചിലവ് കണക്കാക്കുന്നത്. പാലത്തിന്റെ ടാറിങ് അവശിഷ്ടങ്ങൾ റോഡ് നിർമാണത്തിന് തന്നെ പുനരുപയോഗിക്കും. പൊളിച്ച് മാറ്റുന്ന ഗർഡറുകളുടെ അവശിഷ്ടങ്ങൾ കടൽഭിത്തി നിർമ്മാണത്തിനടക്കം ഉപയോഗിക്കാനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. 39 കോടി ചെലവില്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും നിര്‍മ്മാണത്തിലെ വൈകല്യം കാരണം ഒന്നര വര്‍ഷത്തിനുളളില്‍ അടച്ചിടുകയായിരുന്നു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.