മുവാറ്റുപുഴ വധശ്രമ കേസിൽ പ്രതി ബേസിൽ പിടിയിൽ

ബേസിൽ വടിവാളുമായി ആക്രമിക്കാൻ വരുന്നുണ്ടെന്ന വിവരം കാമുകി തന്നെ അഖിലിനെ അറിയിച്ചിരുന്നു

0

മുവാറ്റുപുഴ :സഹോദരിയെ പ്രണയിച്ചതിന് മൂവാറ്റുപുഴയിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപമുള്ള ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിൽ നിന്നാണ് ബേസിലിനെ പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം ബേസിലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ബേസിലിന് ഒപ്പമുണ്ടായിരുന്ന 17 കാരനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.വധശ്രമം എസ്.സി- എസ്.ടി ആക്രമണ നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
വെട്ടേറ്റ അഖിൽ ബേസിലിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

മൂവാറ്റുപുഴ പണ്ടരിമല സ്വദേശി അഖിലിനാണ് കഴുത്തിനു വെട്ടേറ്റത്. അഖിൽ കോട്ടയം മെഡിക്കൽ കോളജിൽ ഗുരുതാവസ്ഥയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. 19 വയസ്സുകാരനായ അഖിൽ ബേസിലിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്നു. അഖിലിന്റെ കഴുത്തിനും കൈക്കുമാണ് ബേസിൽ വടിവാളു കൊണ്ട് വെട്ടിയത്.അഖിൽ മാസ്‌ക് വാങ്ങാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ബേസിൽ വടിവാളുമായി ആക്രമിക്കാൻ വരുന്നുണ്ടെന്ന വിവരം കാമുകി തന്നെ അഖിലിനെ അറിയിച്ചിരുന്നു