ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യം വീണ്ടും ശക്തമാക്കി ബംഗ്ലാദേശ്
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലവിലുള്ള കരാർ പ്രകാരം ഹസീനയെ വിട്ടുനൽകുകയാണ് വേണ്ടതെന്നും, സാധാരണ യാത്രക്കാരെപ്പോലെ ബംഗ്ലാദേശിലേക്ക് തിരികെ വരാൻ അവർക്ക് പാസ്‌പോർട്ടിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർ
ഡൽഹി | ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യം വീണ്ടും ശക്തമാക്കി ബംഗ്ലാദേശ്. പുതിയ പാസ്‌പോർട്ട് അനുവദിക്കുന്നതിലൂടെയല്ല, മറിച്ച് ഔദ്യോഗിക നിയമ നടപടികളിലൂടെ കൈമാറ്റ കരാർ അനുസരിച്ച് ഹസീനയെ തിരികെ എത്തിക്കാനാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കി.
വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും സർക്കാർ ഒളിച്ചോടിയ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്ത ഹസീനയ്ക്ക് പുതിയ പാസ്‌പോർട്ട് നൽകുന്ന ചോദ്യമേ ഉദിക്കുന്നില്ലെന്ന് ഹുമയൂൺ കബീർ തിങ്കളാഴ്ച പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലവിലുള്ള കരാർ പ്രകാരം ഹസീനയെ വിട്ടുനൽകുകയാണ് വേണ്ടതെന്നും, സാധാരണ യാത്രക്കാരെപ്പോലെ ബംഗ്ലാദേശിലേക്ക് തിരികെ വരാൻ അവർക്ക് പാസ്‌പോർട്ടിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ മുഖേന ഹസീനയുടെ അഭിഭാഷകർ പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി അപേക്ഷ സമർപ്പിച്ചെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബംഗ്ലാദേശ് സർക്കാരിന്റെ ഈ പ്രതികരണം.
അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത നിലനിൽക്കുമ്പോഴും വരുന്ന ഡിസംബറിൽ തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഷെയ്ഖ് ഹസീന വ്യക്തമാക്കി. ജന്മനാടിന്റെ മണ്ണിൽ സ്വന്തം ജനങ്ങൾക്കിടയിൽ വെച്ച് മരണം സംഭവിച്ചാലും അത് സ്വാഗതം ചെയ്യുമെന്നാണ് ഹസീന പ്രതികരിച്ചത്. ബംഗ്ലാദേശിൽ തിരിച്ചെത്തി കോടതിയിൽ കീഴടങ്ങാനാണ് തന്റെ തീരുമാനമെന്നും, ഔദ്യോഗിക നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് തിരികെ എത്തുന്ന തീയതി പ്രഖ്യാപിക്കുമെന്നും അവർ അറിയിച്ചു.2024 ഓഗസ്റ്റിൽ ഉണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് ഹസീനയ്ക്ക് അധികാരം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് അഭയം തേടേണ്ടി വന്നത്. 2025 നവംബറിൽ ബംഗ്ലാദേശിലെ പ്രത്യേക ട്രൈബ്യൂണൽ പ്രക്ഷോഭകർക്ക് നേരെയുണ്ടായ അടിച്ചമർത്തലുകളിൽ ഹസീനയ്ക്ക് മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചിരുന്നു