ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി ഒരു വര്‍ഷം വരെ തടവ്

ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫിസർമാർക്കും കൈമാറും. പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിനു മുമ്പ് സത്യവാങ്മൂലം നൽകണമെന്നാണ് നിര്‍ദ്ദേശം

0

തിരുവനന്തപുരം: ഇരട്ട വോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം കേസ് എടുക്കും. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പിട്ട് കേസെടുക്കാനാണ് മുഖ്യ തെര ഓഫീസർ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം.ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫിസർമാർക്കും കൈമാറും. പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിനു മുമ്പ് സത്യവാങ്മൂലം നൽകണമെന്നാണ് നിര്‍ദ്ദേശം. പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.ഇരട്ടവോട്ടുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇരട്ടവോട്ടുകളുടെ പട്ടിക തയ്യറാക്കി പ്രിസൈഡിങ് ഓഫീസര്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. നാല് ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടുകളുണ്ടെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് ഓപ്പറേഷന്‍ ട്വിന്‍സ് എന്ന വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ 38,586 ഇരട്ടവോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരട്ടവോട്ടിനെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം എത്തിയത്.