സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷറായി എൻ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം

ശേഷാദ്രിനാഥിന്റെ നിയമനശുപാര്‍ശയില്‍ കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ ശുപാർശ ഗവർണർ അംഗീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം| സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷറായി എൻ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടു. എൻ ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നേരത്തെ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു. ശേഷാദ്രിനാഥന്റെ നിയമത്തിനെതിരെ കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു.

ശേഷാദ്രിനാഥിന്റെ നിയമനശുപാര്‍ശയില്‍ കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ ശുപാർശ ഗവർണർ അംഗീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടുകയും നിയമന ശുപാര്‍ശക്കെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ശേഷാദ്രിനാഥന്റെ സംഘപരിവാര്‍ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം നൽകിയത്. കൂടിയാലോചന നടത്താതെയുള്ള നിയമനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉയര്‍ന്നതോടെയായിരുന്നു നീക്കം
നിയമന ശുപാര്‍ശക്കെതിരെ കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നുമടക്കം എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യമന്ത്രി വി ഡി സതീശനുമായി സംസാരിച്ചിരുന്നു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി മന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തുകയും സണ്ണി ജോസഫ്, കെ എം ഷാജി എന്നിവരുമായി കൂടിയാലോചിക്കുകയും ചെയ്തിരുന്നു.

എന്‍ ശേഷാദ്രിനാഥനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസാണ് ആദ്യം രംഗത്തെത്തിയത്. ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും പി എം നിയാസ് പറഞ്ഞിരുന്നു.

അതേസമയം ശേഷദ്രിനാഥിനെ നിയമിച്ച നടപടിയിൽ യുഡിഫ് വില കൊടുക്കേണ്ടി വരുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്. വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും. സാധാരണ പ്രവർത്തകർ വിയർപ്പ് ഒഴുക്കിയാണ് യുഡിഫിനെ അധികാരത്തിൽ എത്തിച്ചത്. അവരുടെ വികാരം മാനിക്കണമായിരുന്നു. കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

You might also like

-