കശുവണ്ടി അഴിമതി കേസിൽ ഐഎൻ‍റ്റിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി

2006 മുതൽ 2015 തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും കശുവണ്ടി പരിപ്പ് സംസ്‌കരണത്തിനായി വാങ്ങിയതിലും കശുവണ്ടി വികസന കോർപ്പറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടും അഴിമതിയും നടന്നു എന്നതാണ് കേസ്.

കൊച്ചി | കശുവണ്ടി അഴിമതി കേസിൽ ഐഎൻ‍റ്റിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. തീരുമാനം ഹൈക്കോടതിയെ അറിയിക്കും. മുൻ എം ഡി കെ എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാം. സിബിഐ ആവശ്യത്തിൽ സർക്കാർ തീരുമാനം അഞ്ച് വർഷത്തിന് ശേഷം. ചന്ദ്രശേഖരന് ഐഎൻടിയുസി പ്രസിഡന്‍റ് സ്ഥാനം നഷ്ടമായേക്കും. 18 വർഷത്തെ പോരാട്ടത്തിന്റെ വിജയമെന്ന് പരാതിക്കാരൻ കടകംപള്ളി മനോജ് വ്യക്തമാക്കി കശുവണ്ടി മേഖലയെയും പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷനെയും പ്രതിസന്ധിയിലാക്കിയ വലിയൊരു വിവാദമാണ് കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്. വർഷങ്ങളായി നിയമപോരാട്ടങ്ങളും രാഷ്ട്രീയ വിവാദങ്ങളും നിറഞ്ഞ ഈ കേസ് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴി വച്ചത്.

2006 മുതൽ 2015 തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും കശുവണ്ടി പരിപ്പ് സംസ്‌കരണത്തിനായി വാങ്ങിയതിലും കശുവണ്ടി വികസന കോർപ്പറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടും അഴിമതിയും നടന്നു എന്നതാണ് കേസ്. വിദേശരാജ്യങ്ങളിൽ നിന്നും മറ്റും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് വാങ്ങി കോർപ്പറേഷന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവെച്ചുവെന്നും ടെൻഡർ നടപടികളിൽ അട്ടിമറി നടത്തുകയും സ്വകാര്യ വ്യക്തികൾക്ക് വഴിവിട്ട് കരാറുകൾ നൽകുകയും ചെയ്തുവെന്നതായിരുന്നു പ്രധാന ആരോപണങ്ങൾ.

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും കോർപ്പറേഷൻ മുൻ ചെയർമാനുമായ ആർ ചന്ദ്രശേഖരൻ, കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർ കെ. രതീഷ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സി.ബി.ഐ അന്വേഷണത്തിലേക്ക് എത്തിയത്. അന്വേഷണത്തിൽ കോർപ്പറേഷന് കോടികളുടെ നഷ്ടം സംഭവിച്ചതായി സി.ബി.ഐ കണ്ടെത്തുകയും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതികളെ വിചാരണ ചെയ്യുന്നതിനുള്ള ഔദ്യോഗിക പ്രോസിക്യൂഷൻ അനുമതി നൽകാൻ മുൻ സർക്കാർ തയ്യാറായിരുന്നില്ല. മൂന്ന് തവണയാണ് മുൻ സർക്കാർ ഈ അനുമതി നിഷേധിച്ചത്.

ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി. എന്നാൽ അഴിമതി നിരോധന നിയമം അനുസരിച്ച് കുറ്റപത്രം ഫയൽ ചെയ്യാൻ സിബിഐക്ക് അനുമതി നൽകാത്തതിനെതിരെ പരാതിക്കാരനായ കടകംപള്ളി മനോജ് 2021 ൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുകളെ തുടർന്ന് കേസിൽ വലിയൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കോടതി ഉത്തരവുകൾ കൃത്യമായി പാലിക്കാത്തതിനെ തുടർന്ന് വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചിരുന്നു.

പിന്നാലെ ഹനീഷ് കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചു. തുടർന്ന്, സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് പ്രതികളായ ആർ ചന്ദ്രശേഖരനെയും കെ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകാൻ തീരുമാനിച്ചു. തീരുമാനം ഇന്ന് ഹൈക്കോടതിയെ സർക്കാർ അറിയിക്കും.

You might also like

-