മത്സ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. പക്ഷേ ഇപ്പോൾ സമരം നടത്തുന്നത് മത്സ്യത്തൊഴിലാളികളല്ല :എം വി ഗോവിന്ദന്‍

ഓലപ്പാമ്പ് കാട്ടി സിപിഐഎമ്മിനെ ആരും പേടിപ്പിക്കേണ്ടെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.വര്‍ഗീയത മനസില്‍ ഉള്ളവര്‍ക്കേ പേരില്‍ വര്‍ഗീയത കാണാന്‍ കഴിയൂ. തുറമുഖ നിര്‍മാണ വിരുദ്ധ സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസിന് വികൃത മനസാണെന്നും രൂപത മുന്നോട്ടുവച്ച ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

0

തിരുവനന്തപുരം | വിഴിഞ്ഞം വിഷയത്തില്‍ മന്ത്രി അബ്ദുറഹ്മാനെ വൈദികന്‍ അധിക്ഷേപിച്ചത് വര്‍ഗീയതയുടെ വികൃത മനസുള്ളതിനാലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം നാക്കുപിഴയല്ല. വിഴിഞ്ഞത്ത് വര്‍ഗീയ നിലപാടാണ് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.ഓലപ്പാമ്പ് കാട്ടി സിപിഐഎമ്മിനെ ആരും പേടിപ്പിക്കേണ്ടെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.വര്‍ഗീയത മനസില്‍ ഉള്ളവര്‍ക്കേ പേരില്‍ വര്‍ഗീയത കാണാന്‍ കഴിയൂ. തുറമുഖ നിര്‍മാണ വിരുദ്ധ സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസിന് വികൃത മനസാണെന്നും രൂപത മുന്നോട്ടുവച്ച ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
”വളരെ ആസൂത്രിതമായാണ് വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനടക്കം ആക്രമിച്ചത്. ആയുധമേന്തിയുള്ള അക്രമമാണുണ്ടായത്. പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. ജനാധിപത്യപരമായ സമരങ്ങൾക്ക് സർക്കാരെതിരല്ല. സമരം നടത്തുന്നവർ മുന്നോട്ട് വെച്ച 7 നിർദ്ദേശങ്ങളിൽ ആറെണ്ണവും തൊഴിലാളികൾക്ക് വേണ്ടിയുള്ളതായിരുന്നു. അതെല്ലാം സർക്കാർ അംഗീകരിച്ചു. ഏഴാമത്തേത് തുറമുഖ നിർമ്മാണം അവസാനിപ്പിക്കണമെന്നായിരുന്നു. അതിനോട് യോജിക്കാനാകുന്നതല്ല ഇന്നത്തെ അവസ്ഥ. തിരുവനന്തപുരത്തിന്റെയും സംസ്ഥാനത്തിന്റെ ആകെയും വികസനത്തിന് കൂടി സഹായകരമായ പദ്ധതിയാണ്. അമ്പതിനായിരം കോടിയോളം രൂപയുടെ നിക്ഷേപവും പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. പുനരധിവാസമടക്കം മത്സ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. പക്ഷേ ഇപ്പോൾ സമരം നടത്തുന്നത് മത്സ്യത്തൊഴിലാളികളല്ല “അദ്ദേഹം പറഞ്ഞു.

തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്ന ആവശ്യം മാത്രം മുന്നോട്ടുവച്ചാണ് സമരം തുടരുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അക്രമം ആസൂത്രിതമാണ്. ഗൂഢാലോചന നടത്തിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. സമരം ചെയ്യുന്നത് മത്സ്യത്തൊഴിലാളികളല്ല. ഇടതു സര്‍ക്കാരിനെതിരായ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

‘വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നിൽ ഗൂഢോദ്ദേശ്യമുണ്ട്. സമരം തീരരുതെന്ന് ഒരു വിഭാഗം കരുതുന്നു. ഈ വിഷയത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമാണ്. സർക്കാരിനെ പിരിച്ചു വിടുമെന്ന് ഇരു കൂട്ടരും പറയുന്നു. ആക്രമണങ്ങളിൽ ആരാണോ കുറ്റവാളി അവർക്കെതിരെയെല്ലാം കേസുണ്ടാകും.
കേരളത്തിന്റ വളർച്ചക്ക് ആവശ്യമായ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം”. സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിർമ്മാണം പൂർത്തിയാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

You might also like

-