ശരീരത്തിലെ വിഷം പൂർണമായും നീക്കി: വാവ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും

പരസഹായമില്ലാതെ നടക്കാനും, ഭക്ഷണം കഴിക്കാനും വാവ സുരേഷിന് ഇപ്പോൾ സാധിക്കുന്നുണ്ട്.

0

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് പൂർണ ആരോഗ്യത്തിലേയ്‌ക്ക് അതിവേഗം മടങ്ങി എത്തുകയാണെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും എന്നാണ് വിവരം. മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ പ്രവേശിച്ച വിഷം പൂർണമായും നീക്കിയതായും ഡോക്ടർമാർ അറിയിച്ചു.

പരസഹായമില്ലാതെ നടക്കാനും, ഭക്ഷണം കഴിക്കാനും വാവ സുരേഷിന് ഇപ്പോൾ സാധിക്കുന്നുണ്ട്. രണ്ട് ദിവസം കൂടി നിരീക്ഷിക്കേണ്ടതിനാലാണ് ഡിസ്ചാർജ് തിങ്കാഴ്ചത്തേയ്‌ക്ക് മാറ്റിയത്. ഓർമശക്തി വീണ്ടെടുത്ത സുരേഷിന് ഇന്നലെ തന്നെ എഴുന്നേറ്റ് ഇരിക്കാൻ സാധിച്ചിരുന്നു. ആരോഗ്യത്തിൽ
പുരോഗതിയുണ്ടായതിനെ തുടർന്ന് ഇന്നലെ തന്നെ അദ്ദേഹത്തെ ഐസിയുവിൽ നിന്നും മുറിയിലേയ്‌ക്ക് മാറ്റിയിരുന്നു.

വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം നിലവിൽ സാധാരണ നിലയിലാണെന്ന് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു. സാധാരണഗതിയിൽ ശ്വാസം എടുക്കുന്നുണ്ടെന്നും അവയവങ്ങൾക്ക് കൂടുതൽ ചലനശേഷി കൈവരിച്ചതായും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം നീലംപേരൂരിൽ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

You might also like

-