കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷിക്കാൻ തീവ്രശ്രമം

കെട്ടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴൽക്കിണറിലേക്ക് പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകൻ സുജിത്ത് വീഴുകയായിരുന്നു.

0

തിരുച്ചിറപ്പള്ളി: കുഴൽക്കിണറിൽവീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു. തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കെട്ടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴൽക്കിണറിലേക്ക് പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകൻ സുജിത്ത് വീഴുകയായിരുന്നു.അഞ്ചുവർഷംമുമ്പ് കുഴിച്ച കിണർ വെള്ളമില്ലാത്തതിനാൽ ഉപേക്ഷിച്ചതാണ്. വീടിനടുത്തുതന്നെയുള്ള കിണറിന്റെ അടുത്ത് പതിവുപോലെ കളിക്കുകയായിരുന്നു കുട്ടി. എന്നാൽ, മഴപെയ്ത് കുതിർന്ന കിണർക്കരയിലെ മണ്ണിടിഞ്ഞതോടെ കിണറിനുള്ളിലേക്കുവീണ കുട്ടി 25 അടി താഴ്ചയിൽ കുടുങ്ങിക്കിടന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ കുഴൽക്കിണറിനുള്ളിൽനിന്ന് കരച്ചിൽശബ്ദം കേട്ടു.

വിവരമറിഞ്ഞ് മണപ്പാറയിൽനിന്ന് ആദ്യഘട്ടത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. സ്ഥിതി സങ്കീർണമാണെന്ന് കണ്ടതോടെ കൂടുതൽ രക്ഷാസേനകൾ സ്ഥലത്തെത്തി. കുട്ടി കൈ ചലിപ്പിച്ചിരുന്നതിനാൽ ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലായതോടെ മെഡിക്കൽ സംഘം കിണറിനുള്ളിലേക്ക് ഓക്സിജൻ എത്തിച്ചു.ക്യാമറവഴി കുട്ടിയുടെ നില തത്സമയം അധികൃതർ നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ചാണ് മെഡിക്കൽ സംഘത്തിലെ ഡോക്ടർമാർ പ്രവർത്തിച്ചത്. രാത്രിസമയമായതിനാൽ വെളിച്ചമുൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥലത്ത് ഏർപ്പെടുത്തിയിരുന്നു. മധുരയിൽനിന്ന് അഗ്നിരക്ഷാസേനയുടെ വിദഗ്ധസംഘവും സ്ഥലത്തെത്തിയിരുന്നു. രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

You might also like

-