വിസ്മയ കൊലപാതകം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്ന് പൊലീസ് കുറ്റപത്രം

102 സാക്ഷികളും, 92 റെക്കോര്‍ഡുകളും, 56 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്നതാണ് പൊലീസ് കുറ്റപത്രം.

0

കൊല്ലം :നിലമേലിലെ വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്ന് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതി കിരണ്‍കുമാര്‍ അറസ്റ്റിലായി 80 ആം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.102 സാക്ഷികളും, 92 റെക്കോര്‍ഡുകളും, 56 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്നതാണ് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 2419 പേജാകും. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ ആണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ.ബി രവി പറഞ്ഞു. സമര്‍പ്പിക്കപ്പെടുന്നത് കുറ്റമറ്റ ചാര്‍ജ് ഷീറ്റ് എന്നും റൂറല്‍ എസ്പി വിശ്വാസം പ്രകടിപ്പിച്ചു.
ഡിജിറ്റല്‍ തെളിവുകളാണ് കേസില്‍ പ്രധാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ് കുമാര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ നന്നായി തിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി.

സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതി കിരണ്‍കുമാറിനെതിരെ കുറ്റപത്രത്തിലുള്ളത്. വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന് പ്രതീക്ഷ.

You might also like

-