വെഞ്ഞാറമൂട് ഇരട്ട കൊലപാതകം 3 പേര്‍ കസ്റ്റഡിയില്‍; കൊലയ്ക്കു കാരണം രാഷ്ട്രീയവൈരാഗ്യമെന്ന് പൊലീസ്

പ്രതികൾ സഞ്ചരിച്ചിരിന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്ന് തേമ്പാംമൂട് നിന്ന് പൊലീസ് കണ്ടെടുത്തു. ഓണത്തലേന്ന് നാടിനെ നടുക്കി രാഷ്ട്രീയക്കൊലപാതകം

0

തിരുവനന്തപുരം :ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ‌കൊലയ്ക്കുകാരണം രാഷ്ട്രീയവൈരാഗ്യമെന്ന് പൊലീസ്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് റൂറൽ എസ‌്.പി ബി.അശോകന്‍ പറഞ്ഞു. പ്രതികൾ സഞ്ചരിച്ചിരിന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്ന് തേമ്പാംമൂട് നിന്ന് പൊലീസ് കണ്ടെടുത്തു.
ഓണത്തലേന്ന് നാടിനെ നടുക്കി രാഷ്ട്രീയക്കൊലപാതകം. തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാമൂടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തി. ഡിവൈഎഫ് ഐ കലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റ് 24 കാരനായ ഹക്ക് മുഹമ്മദ്, തേവലക്കാട് യൂണിറ്റ് സെക്രട്ടറി 32 കാരൻ മിഥിലാജ് എന്നിവരാണ് രാത്രി 11.30ന് കൊല്ലപ്പെട്ടത്. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കൽ കോളജിലുമാണ് മരിച്ചത്. യൂത്ത് കോൺഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ് എഫ് ഐ തേമ്പാമൂട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നൽകി. ഹക്കിനേ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോളാണ് ആക്രമിക്കപ്പെട്ടത്. രണ്ട് മാസം മുൻപ് കോൺഗ്രസ് – സിപിഎം ഏറ്റുമുട്ടൽ നടന്ന സ്ഥലമാണ് തേമ്പാമൂട്. ദക്ഷിണ മേഖലാ ഡിഐജി: സഞ്ജയ് കുമാര്‍ ഗുരുദിന്‍ സ്ഥലം സന്ദര്‍ശിച്ചു.

അതേസമയം, രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയത് യൂത്ത് കോൺഗ്രസ് നടത്തിയ ആസൂത്രിതമായ ഇരട്ട കൊലപാതകമെന്ന് ഡിവൈഎഫ്ഐ. ഉന്നതതലത്തിലുള്ള ഗൂഡാലോചനയുണ്ട്. ആറുപേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. സജീവ് എന്ന കോൺഗ്രസുകാരന്റെ നേത്യത്വത്തിലാണ് കൊല നടത്തിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീം ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കുടെയുണ്ടായിരുന്ന മറ്റു രണ്ടു പ്രവർത്തകർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മാസം മുൻപ് ഇതേ സംഘം ഫൈസൽ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻശ്രമിച്ചിരുന്നുന്നുവെന്നും എ എ റഹീം പറഞ്ഞു.