വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ തടഞ്ഞു നിർത്തി വെട്ടിക്കൊന്നു

ഇടത്തെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിലും ആഴത്തിൽ മുറിവേറ്റ ഹഖ് മുഹമ്മദ് വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സംഭവത്തിന് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് റൂറൽ എസ്‍പി ബി.അശോകൻ പറഞ്ഞു

0

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ തടഞ്ഞു നിർത്തി വെട്ടിക്കൊന്നു. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാൻമൂട് കലുങ്കിൻമുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

വെഞ്ഞാറമൂട് തേമ്പാൻമൂട് ജംക്‌ഷനിൽ രാത്രി 12 ഓടെയാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടത്തെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിലും ആഴത്തിൽ മുറിവേറ്റ ഹഖ് മുഹമ്മദ് വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സംഭവത്തിന് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് റൂറൽ എസ്‍പി ബി.അശോകൻ പറഞ്ഞു.കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിനിടയിലെ കലാശക്കൊട്ട് മുതൽ ആരംഭിച്ച രാഷ്ട്രീയ സംഘർഷം ആണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്. കോൺഗ്രസ് പ്രവർത്തകനായ വെള്ളി സജീവിനെ നേതൃത്വത്തിലുള്ള സംഘം ആണ് കൊലപാതകം നടത്തിയത്.

പ്രതികൾക്കെതിരെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലും പരിസരപ്രദേശത്തും നിരവധി കേസുകൾ നിലവിലുണ്ട്. രണ്ടു മാസങ്ങൾക്കു മുമ്പ് ഡിവൈഎഫ്ഐ നേതാവ് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ഒരു ബുള്ളറ്റ് ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ പിടിയിലായതായും പോലീസ് പറഞ്ഞു. മരുതുംമൂട് സ്വദേശി നജീബ് ആണ് പിടിയിലായവരില്‍ ഒരാള്‍. അഞ്ച് പേർ കൃത്യത്തിൽ പങ്കെടുത്തതായാണ് പൊലീസ് നിഗമനം. കൊലപാതകികൾ വന്ന KL 21, K 4201 എന്ന ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലപാതകം നടന്ന സ്ഥലം ദക്ഷിണമേഖലാ ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ സന്ദർശിച്ചു. മറ്റു പ്രതികളെ പറ്റി വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.