എ.കെ ശശീന്ദ്രന്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് വി.ഡി സതീശന്‍

സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി ഇടപെട്ടത് ഗൗരവതരമായ കാര്യമാണ്. ഇതു പോലൊരു മന്ത്രിയെ സഭയിൽ വച്ച് കൊണ്ട് സ്ത്രീപക്ഷ കേരളത്തിനായി വാദിക്കാൻ മുഖ്യമന്ത്രിക്ക് ധാർമികമായ എന്തവകാശമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു

0

തിരുവനന്തപുരം : എ.കെ ശശീന്ദ്രന്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എ.കെ ശശീന്ദ്രന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി ഇടപെട്ടത് ഗൗരവതരമായ കാര്യമാണ്. ഇതു പോലൊരു മന്ത്രിയെ സഭയിൽ വച്ച് കൊണ്ട് സ്ത്രീപക്ഷ കേരളത്തിനായി വാദിക്കാൻ മുഖ്യമന്ത്രിക്ക് ധാർമികമായ എന്തവകാശമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ എ.കെ ശശീന്ദ്രന്‍ മന്ത്രിയായി ഭരണകക്ഷി ബെഞ്ചില്‍ ഉണ്ടാകരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി രാജിവെച്ചില്ലെങ്കിൽ വിഷയം സഭയിൽ ഉന്നയിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു

അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രിയുമായി എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയെ വിളിച്ച് സമയം തേടിയ ശേഷം എ കെ ശശീന്ദ്രന്റെ ആവശ്യപ്രകാരമായിരുന്നു ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയുള്ള കൂടിക്കാഴ്ച.വിവാദത്തിന് പിന്നാലെ ഇന്നലെതന്നെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ടത്. 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ പാര്‍ട്ടി വിഷയമാണെന്ന് കരുതിയാണ് താന്‍ ഇടപെട്ടതെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കി.