ഭർത്താവ് പാമ്പിനെകൊണ്ട് കടിപ്പിച്ചു യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം

0000 രൂപയ്ക്ക് പാമ്പുകളെ വാങ്ങിയത് യൂട്യൂബ് വീഡിയോ ചെയ്യാനാണെന്ന് പറഞ്ഞെന്ന് സൂരജ് പോലീസിനോട് സമ്മതിച്ചു. കല്ലുവാതുക്കൽ സ്വദേശി സുരേഷ് എന്നയാളാണ് ഓരോ പാമ്പുകൾക്ക് അയ്യായിരം രൂപ വീതം രണ്ടു പാമ്പുകളെ സൂരജിന് നൽകിയത്. സുരേഷും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന

0

കൊല്ലം :അഞ്ചല്‍ സ്വദേശി ഉത്രയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സൂരജ് കുറ്റം സമ്മതിച്ചു.യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ ഇന്ന് ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്തത്. പാമ്പ് പിടിത്തക്കാരനായ സൂരജിന്‍റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു.

ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയത് തന്നെയെന്ന് സഹോദരന്‍ നേരത്തെ പ്രതികരിച്ചു. പാമ്പ് പിടിത്തക്കാരുമായി സൂരജിന് അടുത്ത ബന്ധമുണ്ട്. ഇക്കാര്യം ഉത്ര പറഞ്ഞിട്ടുണ്ടെന്നും സഹോദരന്‍ വിശദമാക്കി.അതേസമയം മകന് പാമ്പ് പിടിത്തക്കാരുമായി ബന്ധമില്ലെന്നാണ് സൂരജിന്‍റെ മാതാപിതാക്കള്‍ പറയുന്നത്. സൂരജ് തെറ്റ് ചെയ്തിട്ടില്ലെന്നാണ് വിശ്വാസം. സാധാരണയുള്ള അഭിപ്രായവ്യത്യാസങ്ങളല്ലാതെ വലിയ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. മുറ്റത്ത് വെച്ചാണ് ഉത്രക്ക് ആദ്യം പാമ്പ് കടിയേറ്റതെന്നും സൂരജിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു.

സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ
10000 രൂപയ്ക്ക് പാമ്പുകളെ വാങ്ങിയത് യൂട്യൂബ് വീഡിയോ ചെയ്യാനാണെന്ന് പറഞ്ഞെന്ന് സൂരജ് പോലീസിനോട് സമ്മതിച്ചു. കല്ലുവാതുക്കൽ സ്വദേശി സുരേഷ് എന്നയാളാണ് ഓരോ പാമ്പുകൾക്ക് അയ്യായിരം രൂപ വീതം രണ്ടു പാമ്പുകളെ സൂരജിന് നൽകിയത്. സുരേഷും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

ആദ്യം അണലിയെയാണ് സൂരജ് വാങ്ങിയത്. കല്ലുവാതുക്കലുള്ള സുരേഷ്, പാമ്പിനെ അടൂരിലുള്ള സൂരജിന്‍റെ വീട്ടിൽ എത്തിച്ചുനൽകുകയായിരുന്നു. വീട്ടുകാർ കാണാതെയാണ് പാമ്പിനെ കൈമാറിയത്. മാർച്ച് രണ്ടിന് ഉത്രയെ അണലി കടിക്കുകയും ചെയ്തു. അതിനും രണ്ടുദിവസം മുമ്പ് കിടപ്പുമുറിക്ക് പുറത്ത് സ്റ്റെയർകേസിന് അടിയിൽ ഉത്ര പാമ്പിനെ കാണുകയും ചെയ്തിരുന്നു. അണലിയുടെ കടിയേറ്റു വളരെ വൈകിയാണ് ഉത്രയെ ആശുപത്രിയിൽകൊണ്ടുപോയത്. ബോധരഹിതയായശേഷമായിരുന്നു ഇത്. അന്ന് ഗുരുതരാവസ്ഥയിലായ ഉത്ര തലനാരിഴയ്ക്കാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ആദ്യശ്രമം പരാജയപ്പെട്ടതോടെയാണ് സൂരജ് വീണ്ടും സുരേഷിനെ സമീപിച്ചു പാമ്പിനെ വാങ്ങിയത്. ലോക്ക്ഡൌൺ സമയമായിരുന്ന മെയ് ആറിന് ഉച്ചയ്ക്കുശേഷമാണ് സൂരജ് കല്ലുവാതുക്കലെത്തി സുരേഷിനെ കണ്ടത്. ഇത്തവണ മൂർഖൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് സൂരജ് ആവശ്യപ്പെട്ടത്. വിഷമുള്ള പാമ്പിനെ വേണമെന്നും ഇയാൾ പറഞ്ഞു. സംശയമൊന്നും തോന്നാതിരുന്ന സുരേഷ് അപ്പോൾ കൈവശമുണ്ടായിരുന്ന കൊടുംവിഷമുള്ള കരിമൂർഖനെ തന്നെ നൽകുകയും ചെയ്തു. കുപ്പിയിൽ അടച്ചാണ് പാമ്പിനെ നൽകിയത്. ഈ കുപ്പി ബാഗിലിട്ടശേഷമാണ് സൂരജ് അഞ്ചൽ ഏറത്തെ ഉത്രയുടെ വീട്ടിലേക്ക് വന്നത്. അന്ന് രാത്രി തന്നെയാണ് രണ്ടാമതും ഉത്രയ്ക്ക് പാമ്പുകടിയേറ്റത്. മരണം ഉറപ്പാക്കിയശേഷം പാമ്പിനെ തിരികെ കുപ്പിയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിയിലെ അലമാരയുടെ അടിയിലേക്ക് കടന്ന പാമ്പിനെ സൂരജിന് പിടിക്കാനും സാധിച്ചില്ല.

പിറ്റേദിവസം രാവിലെ അമ്മ വന്ന് വിളിക്കുമ്പോൾ ചലനമറ്റ നിലയിലായിരുന്നു ഉത്ര. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശരീരം പരിശോധിച്ചപ്പോൾ കൈത്തണ്ടയിൽ കടിയേറ്റ പാട് ദൃശ്യമായിരുന്നു. ഇതേത്തുടർന്ന് തിരിച്ചെത്തി മുറിയിൽ നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തുകയും അതിനെ തല്ലിക്കൊല്ലുകയും ചെയ്തു. ഉത്രയുടെ മരണശേഷം സൂരജിന്‍റെ അസ്വാഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ജനൽ വഴി പാമ്പ് ഉള്ളിൽ കടന്നതാകാമെന്ന സൂരജിന്‍റെ മൊഴിയും എല്ലാവരിലും സംശയം ജനിപ്പിച്ചു. എസി മുറിയുടെ ജനാല രാത്രി തന്നെ ഉത്രയുടെ അമ്മ അടച്ചിരുന്നു. പിന്നീട് സൂരജ് അത് തുറന്നിടുകയായിരുന്നു.

മെയ് ഏഴിനാണ് ഏറത്തെ കുടുംബ വീട്ടിൽ കിടപ്പു മുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഇടത്‌ കൈയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തി. അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പ ദംശനമേറ്റത്. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാല് പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി അന്ന് മനസ്സിലായത്.നേരത്തെ മാർച്ച് രണ്ടിന് സൂരജിന്‍റെ അടൂരിൽ ഉള്ള വീട്ടിൽവെച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഉത്ര ഏറെനാളത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. തുടർ ചികിത്സയ്ക്കായി സ്വന്തം വീട്ടിലെത്തിയ ഉത്ര അവിടെവെച്ച് മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് മരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. ഈ സമയത്ത് സൂരജ് വീട്ടിലുണ്ടായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകമെന്നാണ് സൂചന.