ഒക്ലഹോമ തൊഴില്‍ രഹിതവേതനം ലഭിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 300 ഡോളര്‍ വർദ്ധിപ്പിച്ചു

ഇപ്പോള്‍ വാങ്ങുന്ന തൊഴില്‍ രഹിത വേതനത്തിനു പുറമെ 300 ഡോളര്‍ ലഭിക്കുക.ഏറ്റവും കുറഞ്ഞതു 1000 ഡോളറെങ്കിലും തൊഴില്‍ രഹിതവേതനം ലഭിക്കുന്നവര്‍ക്കായിരിക്കും

0

ഒക്ലഹോമ: ഒക്ലഹോമ സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴില്‍ രഹിതവേതനം ലഭിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 300 ഡോളര്‍ കൂടി ലഭിക്കുമെന്ന് ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ഓഗസ്റ്റ് 19 ബുധനാഴ്ച വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.ലോസ്റ്റ് വേജസ് അസിസ്റ്റന്‍സ് (എഡബ്ല്യുഎ) പ്രോഗ്രാമിന്റെ ഭാഗമായി ഫെഡറല്‍ മാനേജ്‌മെന്റ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച അപേക്ഷ അംഗീകരിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഈ പ്രോഗ്രാമിന്റെ ഗുണം ലഭിക്കുന്ന ഒമ്പതാമത്തെ സംസ്ഥാനമാണ് ഒക്ലഹോമ. 2020 ഓഗസ്റ്റ് 1 മുതല്‍ ആരംഭിക്കുന്ന ആഴ്ച മുതല്‍ ഡിസംബര്‍ 27 ന് അവസാനിക്കുന്ന ആഴ്ചവരെയാണ് ഇപ്പോള്‍ വാങ്ങുന്ന തൊഴില്‍ രഹിത വേതനത്തിനു പുറമെ 300 ഡോളര്‍ ലഭിക്കുക.ഏറ്റവും കുറഞ്ഞതു 1000 ഡോളറെങ്കിലും തൊഴില്‍ രഹിതവേതനം ലഭിക്കുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകുക എന്നും ഗവര്‍ണര്‍ പറഞ്ഞു.

ഒക്ലഹോമയില്‍ തൊഴില്‍ രഹിതരുടെ ശതമാനം ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടനുസരിച്ച് 6.6% ശതമാനമാണ്. പ്രതിവാരം 600 ഡോളറാണ് തൊഴിലില്ലായ്മ വേതനം ലഭിച്ചുകൊണ്ടിരുന്നത്. തുടര്‍ന്ന് വേതനം ലഭിക്കുന്ന കാര്യത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും വ്യക്തത ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ തീരുമാനം അല്‍പമെങ്കിലും ആശ്വാസം നല്‍കുമെന്നു ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.