കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി സബ്രീന സിംഗിന് നിയമനം

കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതീവ സന്തുഷ്ടയാണെന്നും നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബൈഡന്‍ ഹാരിസ് കൂട്ടുകെട്ടിനെ വിജയിപ്പിക്കാന്‍ ശക്തമായ പ്രചരണം നടത്തുന്നതിന് ഇപ്പോള്‍ തന്നെ ഞാന്‍ തയ്യാറായിരിക്കുന്നു സബ്രീനാ പറഞ്ഞു

0

ന്യുയോര്‍ക്ക് : ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ അമേരിക്കന്‍ സബ്രീനാ സിംഗിനെ (32) നിയമിച്ചു. മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന സെനറ്റര്‍ കോറി ബുക്കര്‍, ന്യുയോര്‍ക്ക് മേയര്‍ മൈക്ക് ബ്ലൂംബെര്‍ഗ് എന്നിവരുടെ മാധ്യമ വക്താവായി സബ്രീന പ്രവര്‍ത്തിച്ചിരുന്നു.

കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതീവ സന്തുഷ്ടയാണെന്നും നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബൈഡന്‍ ഹാരിസ് കൂട്ടുകെട്ടിനെ വിജയിപ്പിക്കാന്‍ ശക്തമായ പ്രചരണം നടത്തുന്നതിന് ഇപ്പോള്‍ തന്നെ ഞാന്‍ തയ്യാറായിരിക്കുന്നു സബ്രീനാ പറഞ്ഞു.പ്രധാന രാഷ്ട്രീയ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ അമേരിക്കനെ നിയമിക്കുന്നതു ആദ്യമായിട്ടാണ്.

നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ഇന്ത്യ ലീഗ് ഓഫ് അമേരിക്ക നേതാവ് സര്‍ദാര്‍ ജെ. ജെ. സിംഗിന്റെ കൊച്ചുമകളാണ് കലിഫോര്‍ണിയ ലൊസാഞ്ചല്‍സില്‍ നിന്നുള്ള സബ്രീന. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് രൂപീകരിക്കപ്പെട്ട സംഘടനയാണ് ഇന്ത്യാ ലീഗാ ഓഫ് അമേരിക്ക.

2018 ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി സബ്രീന പ്രവര്‍ത്തിച്ചിരുന്നു. സതേണ്‍ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ഥിയാണ് സബ്രീന. ഇന്റര്‍നാഷണല്‍ റിലേഷന്‍സിലാണ് ഇവര്‍ ബിരുദം നേടിയിട്ടുള്ളത്.