ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തും മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

'ഏറ്റവും വേഗത്തിൽ, ലോകത്തിലെ ഏറ്റവും മികച്ച യുഎസ് നാവിക സേന ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയുന്ന പ്രക്രിയ ആരംഭിക്കും.'-

വാഷിംഗ്ടൺ| ഇസ്ലാമാബാദിൽ ഇറാനുമായി നടന്ന ചർച്ച പരാജയപ്പെട്ടതോടെ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഗോളതലത്തിൽ ഇന്ധന ലഭ്യതയെ സാരമായി തന്നെ ബാധിക്കുന്ന ഭീഷണിയാണ് ട്രംപ് മുഴക്കിയിരിക്കുന്നത്.

‘ഏറ്റവും വേഗത്തിൽ, ലോകത്തിലെ ഏറ്റവും മികച്ച യുഎസ് നാവിക സേന ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയുന്ന പ്രക്രിയ ആരംഭിക്കും.’- ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ ട്രംപ് അറിയിച്ചു. ഒരു പോയിന്റിൽ എല്ലാ കപ്പലുകളെയും അവിടേക്ക് പ്രവേശിക്കാനും പുറത്തുവരാനുമുള്ള തീരുമാനത്തിലെത്തിയെങ്കിലും അത് നടപ്പാക്കാൻ ഇറാൻ അനുവദിച്ചില്ലെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചു കയറി. ബാരലിന് നൂറ് ഡോളർ പിന്നിട്ടു. ഇന്ന് മാത്രം ഏഴര ശതമാനം വര്‍ധനയുണ്ടായി. യുഎസ് ക്രൂഡ് ഓയില്‍ വില 104 ഡോളറും മറ്റിടങ്ങളില്‍ 101 ഡോളറുമായി.ഇറാൻ തുറമുഖങ്ങളിൽ ചരക്ക് നീക്കം നടത്തുന്ന കപ്പലുകൾക്ക് അമേരിക്ക പ്രഖ്യാപിച്ച ഉപരോധം ഇന്ന് രാവിലെ 10 മുതല്‍ ആരംഭിക്കുമെന്ന് അമേരിക്കന്‍ സേനാ വിഭാഗമായ സെന്‍ട്രല്‍ കമാന്‍ഡന്‍റ് അറിയിച്ചു. ഇറാന്‍ തുറമുഖത്ത് പ്രവേശിക്കുന്നതോ പുറപ്പെടുന്നതോ ആയ എല്ലാ ചരക്ക് കപ്പലുകള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. ആര്‍ക്കും ഇളവ് ഉണ്ടാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. വടക്ക് തെക്ക് ഭാഗങ്ങളിലായി 11 തുറമുഖങ്ങളാണ് ഇറാനിലുള്ളത്. ഇതില്‍ ഇന്ത്യ നിര്‍മിച്ച ചബഹാര്‍ തുറമുഖവും കൂടാതെ ഇറാന്‍റെ എന്‍പത് ശതമാനം എണ്ണകയറ്റുമതിയും നടക്കുന്ന ഖാര്‍ഗ് ദ്വീപിലെ പോര്‍ട്ടും ഉള്‍പ്പെടും. ഇറാനിലേക്കും പുറത്തേക്കുമുള്ള ചരക്ക് ഗതാഗതം തട‍ഞ്ഞ് സമ്മര്‍ദത്തിലാക്കാനാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്ന് പോകുന്ന ഇറാന്‍ ഇതര രാജ്യങ്ങളുടെ കപ്പലുകളെ അമേരിക്ക തടയില്ല.

You might also like

-