യുഎസ്-ഇറാൻ സമാധാന ചർച്ച: അനിശ്ചിതത്വം തുടരുന്നു, ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ കപ്പലിനു നേരെയെന്ന് റിപ്പോർട്ട്
ഹോർമുസിൽ ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ കപ്പലിനു നേരെയെന്ന് റിപ്പോർട്ട്. ജഗ് അർണവ് എന്ന കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. 20 ലക്ഷം ബാരൽ ഇറാഖി എണ്ണയുമായി നീങ്ങുകയായിരുന്നു കപ്പലിന് നേരേയായിരുന്നു ആക്രമണം
അന്റാലിയ| അമേരിക്കയുമായി അടുത്ത ഘട്ട ചർച്ചകൾക്ക് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്‌സാദെ. ചർച്ചകൾക്കായി ഒരു കൃത്യമായ ചട്ടക്കൂട് രൂപീകരിക്കുന്നത് വരെ പുതിയ കൂടിക്കാഴ്ചകൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വാരാന്ത്യത്തിൽ ചർച്ചകൾ നടന്നേക്കുമെന്ന് സൂചന നൽകിയിരുന്നെങ്കിലും ഇത് തള്ളുകയാണ് ഇറാൻ. ബുധനാഴ്ചയ്ക്കകം കരാർ ആയില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ചർച്ചകൾ പരാജയപ്പെടുന്നത് സംഘർഷം കൂടുതൽ വഷളാക്കാൻ മാത്രമേ സഹായിക്കൂവെന്ന് ഇറാൻ കരുതുന്നു. അതിനാൽ, പരാജയപ്പെടാൻ സാധ്യതയുള്ള ഒരു ചർച്ചയ്ക്കും ഇറാൻ ഇപ്പോൾ തയ്യാറല്ലെന്നാണ് വിവരം. ഇറാന്റെ ആണവ പരിപാടിയും യുറേനിയം സമ്പുഷ്ടീകരണവുമാണ് പ്രധാന തർക്കവിഷയങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾക്ക് പുറത്തുള്ള ഒരു നിബന്ധനയും തങ്ങൾ അംഗീകരിക്കില്ലെന്ന് ഖത്തീബ്‌സാദെ വ്യക്തമാക്കി. വെടിനിർത്തലിനിടയിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചത് മേഖലയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
തെക്കൻ തുർക്കി പ്രവിശ്യയായ അന്റാലിയയിൽ നടന്ന പരിപാടിയിൽ സംസാരിച്ചപ്പോഴാണ് ഖത്തീബ്‌സാദെ ഇക്കാര്യം വ്യക്തമാക്കിയത്. നിബന്ധനകൾക്കനുസരിച്ച് ഹോർമുസ് കടലിടുക്ക് വഴി വാണിജ്യ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക വാക്കുപാലിക്കാതെ വെടിനിർത്തൽ ലംഘിക്കാനാണ് പോകുന്നതെങ്കിൽ അതിൻ്റെ പ്രത്യാഘാതം അവർ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഹോർമുസിൽ ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ കപ്പലിനു നേരെയെന്ന് റിപ്പോർട്ട്. ജഗ് അർണവ് എന്ന കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. 20 ലക്ഷം ബാരൽ ഇറാഖി എണ്ണയുമായി നീങ്ങുകയായിരുന്നു കപ്പലിന് നേരേയായിരുന്നു ആക്രമണം. ഒമാൻ്റെ വടക്കൻ തീരത്തു വച്ചായിരുന്നു ആക്രമണം. കപ്പലും ജീവനക്കാരും സുരക്ഷിതരെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻ സെൻ്റർ അറിയിച്ചു.
സൻമാർ ഹെറാൾഡ് എന്ന കപ്പലും ആക്രമണ സമയത്ത് ഹോർമുസിൽ ഉണ്ടായിരുന്നു. എന്നാൽ ആ കപ്പലിന് നേരെ ആക്രമണം ഉണ്ടായില്ല. രണ്ട് കപ്പലുകളും മടങ്ങിപ്പോയെന്ന് റിപ്പോർട്ടുകൾ. നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചിരുന്നു. ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകൾക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോർമുസ് കടലിടുക്കിലെ സാഹചര്യം കർശന നിയന്ത്രണത്തിലായിരിക്കുമെന്നാണ് ഇറാന്റെ വിശദീകരണം.