ഉംപുണ്‍ ചുഴലിക്കാറ്റ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സൈനികരുടെ അഞ്ച് സംഘങ്ങൾ

ഉംപുണ്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ 85 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1 ലക്ഷം കോടി രൂപയുടെ നാശ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

0

ഡല്‍ഹി : ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിലേക്ക് സഹായത്തിനായി ഇന്ത്യന്‍ സൈന്യത്തെ അയക്കണമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് കേന്ദ്രം. സഹായത്തിനായി സംസ്ഥാനത്തേക്ക് സൈനികരെ അയക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.

സൈനികരുടെ അഞ്ച് സംഘങ്ങളെയാണ് മമതയുടെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്രം കൊല്‍ക്കത്തയിലേക്ക് അയക്കുന്നത്.ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന വേളയില്‍ ആണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ അയക്കണമെന്ന് മമത അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് മമതയുടെ ഈ അഭ്യര്‍ത്ഥന കേന്ദ്രം അംഗീകരിക്കുകയായിരുന്നു.

ഉംപുണ്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ 85 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1 ലക്ഷം കോടി രൂപയുടെ നാശ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന് അടിയന്തിര ധനസഹായമായി 1,000 കോടി രൂപ ഉടന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി സന്ദര്‍ശന വേളയില്‍ അറിയിച്ചിട്ടുണ്ട്. സൈനികരെ കൊല്‍ക്കത്തയിലേക്ക് അയക്കാന്‍ തീരുമാനിച്ച വിവരം ട്വിറ്ററിലൂടെ ബംഗാള്‍ ആഭ്യന്തര വകുപ്പാണ് അറിയിച്ചത്.