ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണം വെള്ളനിറത്തിന് പുറമെ നിയമവിരുദ്ധ ലൈറ്റും ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണം

നിയമലംഘനം കണ്ടെത്തിയാല്‍ മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടിയെടുക്കണം. ടൂറിസ്റ്റ് ബസ് ഉടമകള്‍ പരിശോധനയുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സഹകരിച്ചില്ലെങ്കില്‍ കോടതിലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി

0

കൊച്ചി | സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി. ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും മറ്റ് ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു. നിയമലംഘനം കണ്ടെത്തിയാല്‍ മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടിയെടുക്കണം. ടൂറിസ്റ്റ് ബസ് ഉടമകള്‍ പരിശോധനയുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സഹകരിച്ചില്ലെങ്കില്‍ കോടതിലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് ഹൈക്കോടതിഉത്തരവിട്ടു . സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കളർ കോഡിൽ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യവും ഹൈക്കോടതി തള്ളി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകള്‍, ഓട്ടോമൊബൈല്‍ ഷോസ് എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. മലപ്പുറം കെ.എം.ടി.സി കോളേജിലെ ഓട്ടോ ഷോ എക്്‌സ്‌പോയിലെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. എക്‌സ്‌പോക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ചു. ഈ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. എക്‌സ്‌പോയിലെ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

You might also like

-