സോഫ്റ്റ് വെയറിലെ പിഴവിനെ തുടർന്ന് പ്ലസ്ടു പരീക്ഷയുടെ മൂല്യ നിർണയം പ്രതിസന്ധിയിലായി.

ഹയർസെക്കന്ററി പരീക്ഷ പേപ്പറുകൾ നോക്കുന്ന ക്യാമ്പുകളിലെ ക്യാമ്പ് നടത്തിപ്പ് ചുമതലക്കാർ i exam എന്ന സോഫ്റ്റ്‌വെയറിലെ പിഴവ് കാരണം നെട്ടോട്ടം ഓടുകയാണ്.

0

തിരുവനന്തപുരം: സോഫ്റ്റ് വെയറിലെ പിഴവിനെ തുടർന്ന് പ്ലസ്ടു പരീക്ഷയുടെ മൂല്യ നിർണയം പ്രതിസന്ധിയിലായി. ഹയർസെക്കന്ററി പരീക്ഷ പേപ്പറുകൾ നോക്കുന്ന ക്യാമ്പുകളിലെ ക്യാമ്പ് നടത്തിപ്പ് ചുമതലക്കാർ i exam എന്ന സോഫ്റ്റ്‌വെയറിലെ പിഴവ് കാരണം നെട്ടോട്ടം ഓടുകയാണ്. കഴിഞ്ഞ വർഷം വരെ ഉപയോഗിച്ചിരുന്നത് CV Camp Manager എന്ന സോഫ്റ്റ് വെയർ ആയിരുന്നു.

എന്നാൽ ഈ വർഷം മുതൽ ആണ് ഹൈസ്‌കൂളുകളിൽ കൈകാര്യം ചെയ്തിരുന്ന i-exam സോഫ്റ്റ്‌വെയർ ഹയർസെക്കന്ററിക്കും കൂടി ബാധകം ആക്കിയത്. ഹൈസ്കൂൾ ഹയർസെക്കൻഡറി ലയനത്തെ പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണിത്.

ആദ്യം മുതൽ തന്നെ ഈ സോഫ്റ്റ്‌വെയറിൽ പിഴവുകൾ ആയിരുന്നു.CE മാർക്ക് കൂട്ടി ചേർക്കുന്നതിലും, പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് എന്റർ ചെയ്യുന്നതിലും ബുദ്ധിമുട്ടുകൾ ഉണ്ടായി.

മൂല്യനിർണയ ക്യാമ്പുകളിലെ ക്യാമ്പ് ഓഫീഷ്യൽസിന് മൂല്യനിർണയം ആരംഭിക്കുന്നതിന് മുൻപ് തന്നെ i-exam ഉം ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ട്രെയിനിങ് നൽകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതൊന്നും നടപ്പിലായതും ഇല്ല. മാത്രവുമല്ല മൂല്യനിർണ്ണയ ക്യാമ്പുകളിൽ പരീക്ഷക്ക് വന്ന അധ്യാപകരെ ക്യാമ്പിന്റെ ലിസ്റ്റിൽ ചേർക്കാൻ പോലും സാധിക്കുന്നില്ല.

ഒരു ദിവസം ഒരു ബാച്ചിന്റെ ചീഫ് വന്നില്ല എങ്കിൽ ആ ബാച്ചിലെ സീനിയർ 1 ആയ ഒരാളിനെ ചീഫ് ആക്കുക ആണ് പതിവ്, എന്നാൽ ഒരിക്കൽ ഇൻവിജിലേറ്റർ ആയ ഒരാളിനെ ചീഫ് ആയി ചേർക്കുന്നതിനും തടസങ്ങൾ വരുന്നു. പല ബാച്ചുകളും ഉൾപ്പെടുത്താൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോൾ.
പല മൂല്യ നിർണയ ക്യാമ്പുകളിലും പല വിഷയങ്ങളുടെയും ‘ മൂല്യനിർണയം കഴിഞ്ഞു. എന്നിട്ട് അധ്യാപകരുടെ ഹാജർ പോലും ഓൺലൈനായി നൽകാൻ സാധിച്ചിട്ടില്ല.അവരുടെ പേര് പോലും ചേർക്കാൻ സാധിക്കാത്ത അവസ്ഥ ആണ്.

ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി.എന്നാൽ ആ ഗ്രൂപ്പിലെ അധ്യാപകർ ഉന്നയിക്കുന്ന സംശയങ്ങൾക്ക് പരിഹാരം കാണാനോ പരിഹാരം നിർദേശിക്കാനോ മറുപടി പറയാനോ ആരും ശ്രമിക്കുന്നില്ല. ചുമതല ഉള്ളവരെ ഫോണിൽ വിളിച്ചാൽ എടുക്കുന്നതുപോലും ഇല്ല എന്നാണ് അധ്യാപകരുടെ പരാതി.