ബഫർ സോൺ വിധിയിൽ ഭേദഗതിഉണ്ടായേക്കും കേന്ദ്രവും കേരളവും നല്‍കിയ ഹർജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു

കരട് വിജ്ഞാപനം വന്ന മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രവും കേരളവും തമിഴ്നാടും കർഷകസംഘടനകളും സുപ്രീംകോടതിയെ സമീപിച്ചത്. ബഫർസോണിൽ കേരളത്തിന് താൽക്കാലിക ആശ്വാസമാണ് കോടതി തീരുമാനം.

0

ഡൽഹി | ബഫർ സോൺ വിധിയിൽ ഭേദഗതിഉണ്ടായേക്കും . വിധിയിൽ ഇളവ് തേടി കേന്ദ്രവും കേരളവും അടക്കം നല്‍കിയ ഹർജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. വിധിയിൽ മാറ്റം വരുത്തും എന്ന സൂചന ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബഞ്ച് നല്കി.നേരത്തേ വിധി പുറപ്പെടുവിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് നാഗേശ്വര റാവു വിരമിച്ചു. അതിനാൽ പുതിയ മൂന്നംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കും.മുൻ വിധിയിലെ ചില നിർദേശങ്ങൾ ഭേദഗതി ചെയ്യുമെന്ന സൂചന നൽകിയ കോടതി, മുൻ വിധിയിലെ അപാകതകൾ പരിഹരിക്കുമെന്ന് വ്യക്തമാക്കി. ഖനനം നിയന്ത്രിക്കുന്നതിനാലാണ് നിഷ്ക്കർഷയെന്നും മറ്റു ഇളവുകൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി

കരട് വിജ്ഞാപനം വന്ന മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രവും കേരളവും തമിഴ്നാടും കർഷകസംഘടനകളും സുപ്രീംകോടതിയെ സമീപിച്ചത്. ബഫർസോണിൽ കേരളത്തിന് താൽക്കാലിക ആശ്വാസമാണ് കോടതി തീരുമാനം. വിധി ജനജീവീതത്തെ സ്തംഭിപ്പിച്ചെന്നും നിർമ്മാണ പ്രവർത്തനം ജനങ്ങൾക്ക് പ്രയാസകരമായെന്നും കേന്ദ്രം അറിയിച്ചു. വിധിയെ കൊണ്ട് ഉദ്ദേശിച്ച നല്ലവശങ്ങൾ അല്ല നിലവിൽ സംഭവിച്ചിരിക്കുന്നതെന്ന് കേസിലെ അമിക്കസ് ക്യൂറി കെ പരമേശ്വർ വ്യക്തമാക്കി. എന്നാൽ എല്ലാ മേഖലകൾക്കും ഇളവു നല്‍കരുതെന്നും അമിക്കസ് ക്യൂറി നിർദ്ദേശിച്ചു.

മലയോരമേഖലകളിലെ ജനങ്ങൾ ആശങ്കയിലാണ്. വിധി നടപ്പാക്കുന്നത് വലിയ പ്രതിസന്ധിയാണെന്നായിരുന്നു സംസ്ഥാനം വാദിച്ചത്. വിധി നടപ്പാക്കുന്നതോടെ കേരള ഹൈക്കോടതിയുടെ അടക്കം പ്രവർത്തനം മാറ്റിണ്ടേവരുമെന്നും നഗരങ്ങൾ അടക്കം പ്രതിസന്ധിയിലാകുമെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ കോടതിയെ അറിയിച്ചു. കരട് വിജഞാപനം അടക്കം നടപ്പാക്കിയ കാര്യങ്ങൾ കോടതിയെ ധരിപ്പിക്കുന്നതിൽ വീഴ്ച്ച പറ്റിയെന്ന് കേന്ദ്രവും സംസ്ഥാനവും കോടതിയിൽ സമ്മതിച്ചു.

ഹർജിക്കാരുടെ വാദങ്ങൾ കേട്ട കോടതി വിഷയത്തിൽ ചില ഭേദഗതികൾ ആവശ്യമെന്ന് നീരീക്ഷിച്ചു. എന്നാൽ മൂന്നംഗ ബെഞ്ച് പുറത്തിറക്കിയ വിധിയിൽ രണ്ടംഗ ബെഞ്ചിന് ഉത്തരവിറക്കാനാകില്ല. ഈ സാഹചര്യത്തിൽ ഹർജികൾ മൂന്നംഗ ബെഞ്ചിന് വിടാൻ സുപ്രീം കോടതി രജസ്ട്രിക്ക് നിർദ്ദേശം നൽകുന്നതായി ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ഖനനമാണ് വിഷയമെന്നും ഇത് തടയാനാണ് വിധിയെന്നും ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു.

കേരളത്തിലെ സ്ഥിതി സങ്കീർണ്ണമാണെന്ന് കേസിലെ മറ്റ് ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകരായ ദീപക് പ്രകാശ്, വിൽസ് മാത്യൂസ്, ഉഷ നന്ദിനി, വി കെ ബിജു എന്നിവർ കോടതിയെ അറിയിച്ചു. വയനാട്ടിലെ സുൽത്താൻ ബത്തേരി നഗരസഭയുടെ 80 ശതമാനവും ബഫർ സോണിയാലെന്നും ഇത് വലിയ പ്രതിസന്ധിയാണെന്നും നഗരസഭയ്ക്കായി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് കോടതിയെ ധരിപ്പിച്ചു. കേരളത്തിന്‍റെ മലയോരമേഖലകളിലെ ജനജീവീതം സ്തംഭിച്ചെന്നും ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നും അഭിഭാഷകൻ വി കെ ബിജു പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ട് ഹാജരായി.
അതേസമയം, സുപ്രീം കോടതിയുടെ തീരുമാനം ആശ്വാസകരമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നിയമനടപടികൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയം കോടതി വലിയ ഗൗരവത്തിലെടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ വ്യക്തമായ റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കർഷക സംഘടനകളുൾപ്പെടെ മറ്റു ഹർജിക്കാരും സുപ്രീം കോടതി കഴിഞ്ഞ ജൂൺ 3ന് പുറപ്പെടുവിച്ച വിധിയിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബഫർസോണുകൾക്കു കർശന നിബന്ധനകൾ നിർദേശിച്ച് ജൂണിൽ നൽകിയ വിധി നിലവിലുള്ള കരട് വിജ്ഞാപനങ്ങൾക്കു ബാധകമാക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യം. അന്തിമ വിജ്ഞാപനവും കരടു വിജ്ഞാപനവും ഇറങ്ങിയതും സംസ്ഥാനങ്ങളിൽനിന്ന് നിർദേശങ്ങൾ ലഭിച്ചതുമായ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും നിലവിലെ വിധി ബാധകമല്ലെന്നു വ്യക്തമാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കേരളത്തിലേതുൾപ്പെടെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കുമുള്ള ബഫർസോൺ നിബന്ധനകളിൽ‍ ഇളവ് അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സുപ്രീം കോടതി നേരത്തേ വാക്കാൽ സൂചിപ്പിച്ചിരുന്നു.

You might also like