ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോണം ഉന്നയിച്ച കേസിൽ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട കേസിൽ സംസ്ഥാന സർക്കാരിന്റെ അപ്പീൽ

ലൈം​ഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതി ചേര്‍ക്കപ്പെട്ട രണ്ട് കന്യാസ്ത്രികള്‍ ഇ-മെയില്‍ ചെയ്തിരുന്നു. ഇ–മെയില്‍ സന്ദേശത്തില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയിരുന്നില്ല.

0

ഡൽഹി |ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്നാരോപിച്ച് എടുത്ത കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയിൽ. സിസ്റ്റർ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവര്‍ക്കെതിരെ കുറുവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയത്. കന്യാസ്ത്രികളെ പ്രതി ചേർത്താണ് കുറവിലങ്ങാട് പൊലീസ് നേരത്തെ കേസെടുത്തിരുന്നത്.

ലൈം​ഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതി ചേര്‍ക്കപ്പെട്ട രണ്ട് കന്യാസ്ത്രികള്‍ ഇ-മെയില്‍ ചെയ്തിരുന്നു. ഇ–മെയില്‍ സന്ദേശത്തില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയിരുന്നില്ല. ചിത്രമുണ്ടായിരുന്നെങ്കിലും ഇരയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ പ്രസ്തുത ഇ–മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

എന്നാൽ ഹൈക്കോടതി നടപടി നിയമത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാതെയാണെന്നും മാധ്യമപ്രവർത്തകർക്ക് ചിത്രം അയച്ച് കൊടുക്കുന്നത് സ്വകാര്യ ആശയവിനിമയമായി എങ്ങനെ കണക്കാൻ കഴിയുമെന്നുമാണ് കേരളത്തിന്റെ വാദം. സിസ്റ്റർമാരുടെ നടപടി ക്രമിനൽ കുറ്റമാണെന്നും അപ്പീലിൽ വ്യക്തമാക്കുന്നു.

സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൌൺസൽ സി കെ ശശിയാണ് കേരളത്തിനായി അപ്പീൽ ഹർജി ഫയൽ ചെയ്തത്. ഈ വർഷം ജനുവരി പതിനാലിനാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി വിധി കോടതി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷൻ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് വിധിച്ചത്. ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം എന്നിവയ്ക്കൊടുവിലാണ് കോടതിയുടെ വിധി വന്നത്. നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസ് ചുമത്തിയത്.

You might also like