പിണറായി സർക്കാരിൽ പാർട്ടിക്ക് ഭരണത്തിൽ നിയന്ത്രണം ഉണ്ടായിരുന്നില്ല, തെരെഞ്ഞെടുപ്പ് പ്രചാരണം ഏകവ്യക്തിയിൽ കേന്ദ്രികരിച്ചതു തോൽവിക്ക് കാര്യമായി

പാർട്ടിക്കും പിണറായി സർക്കാരിനും ഇടയിൽ ഏകോപനം ഉണ്ടായില്ലെന്നും മന്ത്രിമാർ പ്രവർത്തകരിൽ നിന്ന് അകന്നുവെന്നും നേതാക്കളുടെ ആഡംബര ജീവിതവും തിരിച്ചടിയായെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ഡൽഹി | പിണറായി സർക്കാരിന്റെ കാലത്ത് പാർട്ടിക്ക് ഭരണത്തിൽ നിയന്ത്രണം ഉണ്ടായില്ലെന്ന കുറ്റസമ്മതവുമായി സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഇന്നലെ രാത്രി പാർട്ടി ഔദ്യോഗികമായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കേരളത്തിൽ പ്രചാരണം പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കാൻ എതിരാളികളെ സഹായിച്ചുവെന്നും, പിണറായി സർക്കാരിന്‍റെ അവാസാന 5 വർഷത്തെ ഭരണത്തിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളും വിമർശനങ്ങളും ശരിവെക്കുന്നതാണ് അവലോകന റിപ്പോർട്ട്.

പാർട്ടിക്കും പിണറായി സർക്കാരിനും ഇടയിൽ ഏകോപനം ഉണ്ടായില്ലെന്നും മന്ത്രിമാർ പ്രവർത്തകരിൽ നിന്ന് അകന്നുവെന്നും നേതാക്കളുടെ ആഡംബര ജീവിതവും തിരിച്ചടിയായെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ മിക്കതും പരിഹരിച്ച ഭരണമായിരുന്നുവെന്ന മുൻപത്തെ അവകാശവാദം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ തള്ളുന്നുണ്ട്. ലെനിൻറെയും പി കൃഷ്ണപിള്ളയുടെയും വാക്കുകൾ ചൂണ്ടിക്കാട്ടി സ്വയം വിമർശനം വേണമെന്നും തെറ്റ് ഏറ്റ് പറയാൻ തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തെ ഉപദേശിക്കുന്നുണ്ട്.

പിണറായി വിജയനിൽ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണത്തിൽ പാളിച്ചയുണ്ടായി. ഒരാളിൽ എല്ലാം കേന്ദ്രീകരിക്കുന്നു എന്ന തെറ്റായ പ്രചാരണത്തിന് ഇതിന് കാരണമായി. ഇത് യുഡിഎഫിന് പിണറായി വിജയന് നേരെ ആക്രമിക്കാനുള്ള അവസരം നൽകി. കോൺഗ്രസിനെ തിരിച്ച് ആക്രമിക്കാനുള്ള അവസരം ഇല്ലാതായി. പാർട്ടിയുടെ യുവജന സംഘടനകൾക്ക് സാധാരണക്കാരുടെ വിഷയത്തിൽ ഇടപെടാനായില്ല. ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോവുക എന്ന നേരത്തെയുള്ള നിലപാടിൽ പാളിച്ച സംഭവിച്ചു. കെകെ ശൈലജയുടെ മണ്ഡലം മാറ്റിയതിൽ വീഴ്ച സംഭവിച്ചു. ഇതും പാർട്ടിക്കെതിരായ പ്രചാരണത്തിന് കാരണമായി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാ കമ്മറ്റികൾക്ക് വീഴ്ച പറ്റിയെന്നും ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു.
വാര്‍ത്താസമ്മേളനങ്ങളില്‍ നേതാക്കള്‍ക്ക് ജാഗ്രതക്കുറവുണ്ടായതിനെ കുറിച്ചും ചൂണ്ടിക്കാട്ടുന്നുണ്ട്. ആഗോളാ അയ്യപ്പ സംഗമത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത് തെറ്റ്. ഹൈന്ദവ വര്‍ഗീയശക്തികളോട് മൃദുസമീപം എന്ന പ്രതീതി നല്‍കി. വെള്ളാപ്പള്ളിയെ ഉചിതമായി തള്ളി പറഞ്ഞില്ല. പിഎം ശ്രീയില്‍ എല്ലാ ഘടകക്ഷികളെയും വിശ്വാസത്തില്‍ എടുക്കണമായിരുന്നു. ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നുവെന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും ഏകാധിപത്യ സ്വഭാവമായിരുന്നെന്നും നേതാക്കള്‍ക്ക് അഹങ്കാരവും അഴിമതിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്വജന പക്ഷപാതവും ആഡംബരവും ഒരു വിഭാഗം നേതാക്കളെയും അണികളെയും ബാധിച്ചുവെന്നും പറയുന്നു. ചില നേതാക്കളുടെ പരസ്യ പ്രതികരണങ്ങളില്‍ സൂക്ഷ്മത ഇല്ല. പൊതുവേദികളില്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്യപ്പെടും എന്ന് മറന്നു പോകുന്നു. ചില നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ പാര്‍ട്ടി വിരുദ്ധ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും തെറ്റായ പ്രചരണത്തിന് സഹായകരമായി – റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ. കെ ശൈലജയെ മണ്ഡലം മാറ്റിയതിന് എതിരെയും വിമര്‍ശനമുണ്ട്. സിറ്റിങ് എംഎല്‍എമാരെ അതാത് മണ്ഡലത്തില്‍ തന്നെ മത്സരിപ്പിച്ചപ്പോള്‍ ശൈലജയെ മാത്രം മണ്ഡലം മാറ്റി. രാഷ്ട്രീയ എതിരാളികള്‍ ഇത് ആയുധമാക്കി. മണ്ഡലം മാറ്റത്തെ കുറിച്ചുള്ള പാര്‍ട്ടിയുടെ ന്യായീകരണങ്ങള്‍ ജനം അംഗീകരിച്ചില്ല – റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

സിപിഐഎമ്മിലെ ഒരു പുതിയ കീഴ്വഴക്കമായി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത് മാറുകയാണ്. സാധാരണ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ട് പൂര്‍ണമായ വിശദാംശങ്ങളോടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറില്ല. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ സിപിഐഎം നടത്തുന്ന തെറ്റുതിരുത്തല്‍ നടപടിയുടെ ഭാഗമായിക്കൂടിയാണ് റിപ്പോര്‍ട്ട് പൂര്‍ണമായും പരസ്യപ്പെടുത്തുന്നത് എന്നാണ് വിവരം. കേരളത്തിലെ തോല്‍വിയുടെ കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

You might also like

-