ബഫര്‍സോണ്‍ ഹർജി ദുരഭിമാനത്തോടെയും നിസ്സംഗതയോടെയും ആണ് ഗൗരവം ഏറിയ വിഷയം സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് പ്രതിപക്ഷം

2019ലെ ഉത്തരവ് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് നിയമമന്ത്രി പി രാജീവ് വ്യക്തമാക്കി.2019 ലെ സംസ്ഥാന സർക്കാർ ഉത്തരവ് പരിഗണിച്ചല്ല സപ്രീംകോടതി വിധി.ജനവാസ മേഖലകളെ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കി കിട്ടുകയാണ് വേണ്ടത്.

0

തിരുവനന്തപുരം| ബഫര്‍സോണ്‍ ഉത്തരവില്‍ കേരളത്തിന്‍റെ ആശങ്ക വീണ്ടും സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ദുരഭിമാനത്തോടെയും നിസ്സംഗതയോടെയും ആണ് ഗൗരവം ഏറിയ വിഷയം സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. 2019ലെ ഉത്തരവ് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് നിയമമന്ത്രി പി രാജീവ് വ്യക്തമാക്കി.2019 ലെ സംസ്ഥാന സർക്കാർ ഉത്തരവ് പരിഗണിച്ചല്ല സപ്രീംകോടതി വിധി.ജനവാസ മേഖലകളെ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കി കിട്ടുകയാണ് വേണ്ടത്.അതിനാണ് അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖല പൂർണമായും ഒഴിവാക്കിയത്.അതാണ് കേന്ദ്രസർക്കാരിന് സമർപ്പിച്ചത്.റിമോർട്ട് സെൻസിംഗ് സർവെ പൂർത്തിയാക്കുകയും പുനപരിശോധന ഹർജി നൽകുകയും ചെയ്ത ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി വിശദീകരിച്ചു.

മുഴുവൻ ജനവാസമേഖലയേയും ഒഴിവാക്കിയ യുഡിഎഫ് സർക്കാർ നടപടി ഒഴിവാക്കി പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ബഫർ സോണാക്കി ഉത്തരവിറക്കിയത് ഇടത് സർക്കാറാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴൽനാടൻപറഞ്ഞു . ജനവാസ മേഖലയെ സംരക്ഷിക്കുമെന്ന് പറഞ്ഞത് ആത്മാർത്ഥമായാണെങ്കിൽ ഇങ്ങനെ തീരുമാനിക്കുമായിരുന്നോ? ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തെ തീരുമാനം അംഗീകരിക്കാൻ സർക്കാരിന് ദുരഭിമാനമാണ്.ഹർജിയിൽ കുടിയേറ്റക്കാരെ കയ്യേറ്റക്കാരായാണ് സർക്കാർ ചിത്രീകരിച്ചത്.വനം കയ്യേറിയവർക്ക്പട്ടയം നൽകേണ്ടിവന്നു എന്നാണ് പറഞ്ഞിട്ടുള്ളത്.റിവ്യു ഹർജി കേരളത്തിലെ കർഷകർക്ക് മേൽ ഇടിത്തീയാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങെളെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു.10 കിലോമീറ്ററിൽ സംരക്ഷിത മേഖല വേണമെന്ന് വാശിപിടിച്ച പാർട്ടിയാണ് കോൺഗ്രസ്. യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തേക്കാൾ ബഫർ സോൺ കുറയ്ക്കുകയാണ് ചെയ്തത്.പുനപരിശോധന ഹർജിയിൽ കൈയേറ്റക്കാരെന്ന് വിളിച്ചിട്ടില്ല. പട്ടയം നൽകിയ സംസ്ഥാന സർക്കാർ നടപടി സുപ്രീം കോടതി അംഗീകരിച്ചുവെന്നാണ് ഹർജിയിൽ പറഞ്ഞത്.സര്‍ക്കാർ നിലപാട് കുടിയേറ്റ താൽപര്യം സംരക്ഷിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

സർക്കാർ പരിസ്ഥിതി അഭയാർത്ഥികളെ സൃഷ്ടിക്കുന്ന സമീപനം സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ദുരഭിമാനത്തോടെയും നിസ്സംഗതയോടെയും ആണ് ഗൗരവം ഏറിയ വിഷയം സർക്കാർ കൈകാര്യം ചെയ്യുന്നതെന്നാരോപിച്ച്
പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

You might also like

-