പിണറായി വിജയനെതിരായ വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുന്നതിനെതിരെ സമരസമിതിയിൽ ഭിന്നിപ്പ്

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനുള്ള വാളയാർ പെൺകുട്ടികളുടെ അമ്മയുടെ തീരുമാനത്തിനെതിരെ വാളയാർ സംയുക്ത സമരസമിതി ജോയ്ന്റ് കൺവീനർ ബാലമുരളി രം​ഗത്തെത്തി

0

കണ്ണൂർ :നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുന്നതിനെതിരെ സമരസമിതിയിൽ രണ്ടഭിപ്രായം.ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനുള്ള വാളയാർ പെൺകുട്ടികളുടെ അമ്മയുടെ തീരുമാനത്തിനെതിരെ വാളയാർ സംയുക്ത സമരസമിതി ജോയ്ന്റ് കൺവീനർ ബാലമുരളി രം​ഗത്തെത്തി.വാളയാർ പെൺകുട്ടികളുടെ അമ്മ ധർമടത്ത് മത്സരിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് സമര സമരസമിതി ജോ. കൺവീനർ ബാലമുരളി.സമരസമിതിയിലെ ചിലരും കോൺഗ്രസ് ഉന്നത നേതാക്കളും തമ്മിൽ ഗൂഢാലോചന നടത്തി. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.വാളയാർ പെൺകുട്ടികളുടെ അമ്മ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.പിൻമാറിയില്ലെങ്കിൽ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായി ധർമടത്തു പോവും. ആദ്യഘട്ടത്തിൽ അന്വേഷണത്തിലും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെങ്കിലും ഇപ്പോൾ നല്ല രീതിയിലുള്ള ഇടപെടലാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തീരുമാനം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും സമരസമിതിയിലെ അംഗങ്ങൾക്ക് യുഡിഎഫുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ ഫലമാണ് സ്ഥാനാർത്ഥിത്വമെന്നും ഇദ്ദേഹം ആരോപിച്ചു.അതേസമയം ബാലമുരളിക്കെതിരെ രക്ഷാധികാരി സി ആർ നീലകണ്ഠൻ രം​ഗത്തെത്തി. ബാലമുരളി എന്നാണ് ജോയിന്റ് കൺവീനറായതെന്ന് അറിയില്ലെന്നും കഴിഞ്ഞ ആറ് മാസമായി വാളയാറിലെ അമ്മ സമരം നടത്തുമ്പോൾ ബാലമുരളിയെ കണ്ടിട്ടില്ലെന്നും നീലകണ്ഠൻ പറഞ്ഞു.ബാലമുരളി സമരസമിതിയുടെ ആരുമല്ല. ചതിക്കാനാണ് അടുത്തത്. സിപിഎമ്മിനെ രക്ഷിക്കാനുള്ള ചാര പണിയാണിതെന്നും അദ്ദേഹം പറഞ്ഞു.വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്‍റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ സത്യാഗ്രഹം നടത്തുകയാണ് കുട്ടികളുടെ അമ്മ