നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും ആരോഗ്യ പ്രവർത്തകയും നേരിയ രോഗലക്ഷണം

ലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ പൂനെയിലേക്ക് പരിശോധനക്ക് അയച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. നിപ ചികിത്സക്കായി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി

0

കോഴിക്കോട് :നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും നിപ ലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. കുട്ടിയെ ചികില്സിച്ച ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗലക്ഷണമുണ്ട് .ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെയും സാമ്പിള്‍ പരിശോധിക്കും. അതിനിടെ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വകുപ്പ് മേധാവിമാരുടെ യോഗം ചേര്‍ന്നു. ലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ പൂനെയിലേക്ക് പരിശോധനക്ക് അയച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. നിപ ചികിത്സക്കായി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാളെ വൈകീട്ട് അവലോകന യോഗം ചേരും. നിപ വിവരങ്ങള്‍ക്കായി ജില്ലയില്‍ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 0495-2382500, 0495-2382800 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിളിക്കാം.

മരിച്ച കുട്ടിയുടെ വീട്ടില്‍ കേന്ദ്രസംഘം സന്ദർശനം നടത്തി. കോഴിക്കോട് ചാത്തമംഗലം മുന്നൂരിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്. നിപ ബാധിച്ച് മരിച്ച 12-കാരൻ റമ്പൂട്ടാൻ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ റമ്പൂട്ടാൻ പഴത്തിന്റെ സാമ്പിളുകൾ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകൾ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളിൽ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണ് ഇത്. കേന്ദ്രസംഘത്തിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിഭാഗത്തിലുള്ള ഡോക്ടർമാരാണ് പ്രദേശത്ത് സന്ദർശനം നടത്തിയത്. കുട്ടികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ളവരെ കണ്ട് സംസാരിച്ചു. കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങൾ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം വിവരങ്ങള്‍ ശേഖരിച്ചു.
അതേസമയം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം തയ്യാറാക്കി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് 27 ന് അയൽവാസികളായ കുട്ടികൾക്ക് ഒപ്പം കളിച്ചു. ഓഗസ്റ്റ് 29 ന് രാവിലെ 8. 30 മുതൽ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഓട്ടോയിൽ ചികിത്സക്ക് എത്തി. ഉച്ചക്ക് മെഡിക്കൽ കോളേജിൽ എത്തി. അവിടെ നിന്നും സെപ്തബർ 1 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളിൽ അവിടെ തുടർന്നു.നിപ മൂലം മരിച്ച പന്ത്രണ്ടുകാരന്‍ ചികിത്സ തേടിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവം ശേഖരിക്കാത്ത വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കുട്ടിയുടെ അമ്മയ്ക്കും നേരിയ പനി ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രികളോട് അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകൾ അറിയിക്കാൻ ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. നാളെ വൈകീട്ട് അവലോകനയോഗം ചേരും. മെഡിക്കൽ കോളേജിലെ ഐസിയു ബെഡുകളുടെ കുറവ് പരിഹരിക്കും. ഹൈറിസ്കിൽ ഉള്ള 20 പേരുടെയും സാമ്പിൾ എൻവിഐയിലേക്ക് അയക്കും. മെഡിക്കൽ കോളേജ് പേ വാർഡ് ബ്ളോക് നിപ്പാ വാർഡാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

അതേ സമയം നിപ ജാഗ്രതയുടെ ഭാഗമായി കോഴിക്കോടിന് പുറമേ മലപ്പുറത്തും കൺട്രോൾ റൂം തുറന്നു. രോഗലക്ഷണമുള്ളവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കും. ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടാല്‍ മുഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കണം

-

You might also like

-